കൊച്ചി: ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളിലൂടെ (എന്‍.സി.ഡി.) 350 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. കമ്പനിയുടെ പതിനേഴാമത് എന്‍.സി.ഡി. വിതരണമാണിത്. 100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും ഗ്രീന്‍ ഷൂ ഓപ്ഷനിലൂടെ 250 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാവും ആകെ 350 കോടി രൂപ ശേഖരിക്കുക. ആയിരം രൂപയാണ് മുഖവില. സെപ്റ്റംബര്‍ 10 വരെ പൊതുജനങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.
9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങ്ങാണ് ഇതിനുള്ളത്. ബി.എസ്.ഇ.യുടെ കടപ്പത്ര വിപണി വിഭാഗത്തില്‍ ഇതു ലിസ്റ്റുചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. തുടര്‍ വായ്പ, ഫിനാന്‍സിങ്, കമ്പനിയുടെ നിലവിലുള്ള വായ്പാ തുകയും പലിശയും തിരിച്ചടയ്ക്കല്‍, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഇതിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു.