ഇന്‍ഫോസിസിന്റെ 'ബൈബാക്ക് മാജിക്കില്‍' നിന്ന് വിട്ടുനില്‍ക്കാന്‍ സുധ മൂര്‍ത്തിയും നിലേക്കനിയും

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ് പ്രഖ്യാപിച്ച 'ഓഹരി ബൈബാക്ക്' നിക്ഷേപകര്‍ക്ക് വന്‍ ആവേശമായിരുന്നു. സെപ്റ്റംബറിന്റെ തുടക്കത്തിലായിരുന്നു പ്രഖ്യാപനം. ഓഹരിക്ക് വില 1,509 രൂപയില്‍ നില്‍ക്കേയായിരുന്നു പ്രഖ്യാപനം

author-image
Biju
New Update
indo

മുംബൈ: ഓഹരി നിക്ഷേപകരെ ആവേശത്തിലാക്കി ഇന്‍ഫോസിസ് പ്രഖ്യാപിച്ച 18,000 കോടി രൂപയുടെ 'ബൈബാക്കില്‍' നിന്ന് വിട്ടുനില്‍ക്കാന്‍ സുധ മൂര്‍ത്തിയുടെയും നന്ദന്‍ നിലേക്കനിയുടെയും തീരുമാനം. ഇവരുള്‍പ്പെടെ കമ്പനിയുടെ പ്രമോട്ടര്‍മാര്‍ ബൈബാക്കില്‍ പങ്കെടുക്കില്ലെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍ഫോസിസ് വ്യക്തമാക്കി. പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ സംയോജിതമായി 13.05% ഓഹരി പങ്കാളിത്തമാണുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസ് പ്രഖ്യാപിച്ച 'ഓഹരി ബൈബാക്ക്' നിക്ഷേപകര്‍ക്ക് വന്‍ ആവേശമായിരുന്നു. സെപ്റ്റംബറിന്റെ തുടക്കത്തിലായിരുന്നു പ്രഖ്യാപനം. ഓഹരിക്ക് വില 1,509 രൂപയില്‍ നില്‍ക്കേയായിരുന്നു പ്രഖ്യാപനം. ഒന്നിന് 1,800 രൂപയ്ക്കായിരിക്കും ബൈബാക്ക് എന്ന് കമ്പനി പ്രഖ്യാപിച്ചതോടെ, ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ ഇരച്ചെത്തിയിരുന്നു. നിലവില്‍ 1,510 രൂപ നിരക്കിലാണ് ഓഹരിവിലയുള്ളത്. അതായത്, കൈവശമുള്ള ഓഹരി കമ്പനിക്ക് തിരികെക്കൊടുത്താല്‍ ഒന്നിന് 1,800 രൂപവച്ച് നിക്ഷേകന് കിട്ടും.

ബൈബാക്കിന്റെ റെക്കോര്‍ഡ് തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കമ്പനി വൈകാതെ പ്രഖ്യാപിക്കും. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി, ഭാര്യ സുധ മൂര്‍ത്തി, മകള്‍ അക്ഷതാ മൂര്‍ത്തി, മകന്‍ രോഹന്‍ മൂര്‍ത്തി, മറ്റൊരു സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി, ഭാര്യ രോഹിണി നിലേക്കനി, മക്കളായ നിഹാര്‍, ജാന്‍വി തുടങ്ങിയവരും പ്രമോട്ടര്‍മാരാണ്. 

10 കോടി ഓഹരികളാണ് ഇന്‍ഫോസിസ് നിക്ഷേപകരില്‍ നിന്ന് തിരികെവാങ്ങുന്നത്. കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.41% വരുമിത്. കമ്പനിയുടെ ഭാവിയില്‍ വലിയ ശുഭാപ്തി വിശ്വാസം പ്രമോട്ടര്‍മാര്‍ക്ക് തന്നെയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഓഹരി ബൈബാക്കില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അവരുടെ തീരുമാനം. മികച്ച പ്രകടനം ഉണ്ടാകുമെന്നും ഓഹരിവില കൂടുതല്‍ മെച്ചപ്പെടുമെന്നും അവര്‍ കരുതുന്നതായാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്.

നിലവിലെ വില പ്രകാരം കൈവശമുള്ള ഓഹരി, ഇന്‍ഫോസിസിന് മടക്കിക്കൊടുത്ത് വലിയ നേട്ടം സ്വന്തമാക്കാന്‍ നിക്ഷേപകര്‍ക്ക് കഴിയും. ഏറെക്കാലംകൊണ്ട് കിട്ടേണ്ട നേട്ടം ഒറ്റയടിക്ക് ലഭിക്കും.