വളര്‍ച്ചയില്‍ ചരിത്രമാകാന്‍ ഇന്ത്യ; പൗരന്മാര്‍ക്ക് വന്‍ നേട്ടം

നാളെ നവരാത്രി ആരംഭിക്കുന്ന ദിവസം മുതല്‍ ജി.എസ്.ടി പരിഷ്‌ക്കരണം നടപ്പാവുകയാണ്. ജി.എസ്.ടി പരിഷ്‌ക്കരണം എല്ലാ ഇന്ത്യക്കാര്‍ക്കും ആശ്വാസം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് ഇന്ത്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും

author-image
Biju
New Update
GST 2

ന്യൂഡല്‍ഹി: ഇന്ത്യയുടെ 'ഗ്രോത്ത് സ്റ്റോറി'ക്ക് ജി.എസ്.ടി പരിഷ്‌ക്കരണം ഇന്ധനം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ ജി.എസ്.ടി 2.0 നിലവില്‍ വരുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി ഭാരത് ഉത്സവം നാളെ മുതല്‍ നടപ്പാവുകയാണ്. ജി.എസ്.ടി നിയമം ചരിത്രം സൃഷ്ടിച്ച ഒന്നാണ്. പുതിയ പരിഷ്‌ക്കരണങ്ങള്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

മോദിയുടെ പ്രസംഗത്തില്‍ നിന്ന്

'2014ല്‍ തന്നെ പ്രധാനമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ജി.എസ്.ടി പരിഷ്‌ക്കരണം നടപ്പാക്കുക എന്നതിനായിരുന്നു സര്‍ക്കാരിന്റെ മുന്തിയ പരിഗണന. 'ഒരു രാജ്യം, ഒരു നികുതി' 2017ല്‍ നടപ്പായി.

നാളെ നവരാത്രി ആരംഭിക്കുന്ന ദിവസം മുതല്‍ ജി.എസ്.ടി പരിഷ്‌ക്കരണം നടപ്പാവുകയാണ്. ജി.എസ്.ടി പരിഷ്‌ക്കരണം എല്ലാ ഇന്ത്യക്കാര്‍ക്കും ആശ്വാസം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇത് ഇന്ത്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ബിസിനസുകള്‍ നടത്തുന്നത് സുഗമമായി മാറും. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടും. രാജ്യത്തിന്റെ വികസനത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പങ്കാളിത്തം പുതിയ പരിഷ്‌ക്കരണം ഉറപ്പു വരുത്തുന്നു.

നിങ്ങള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ നാളെ മുതല്‍ കൂടുതല്‍ എളുപ്പത്തില്‍ വാങ്ങാന്‍ സാധിക്കും. പാവപ്പെട്ടവര്‍, മധ്യവര്‍ഗം, നിയോ മിഡില്‍ ക്ലാസ്, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, വ്യാപാരികള്‍, ഷോപ് കീപ്പര്‍മാര്‍, സംരഭകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും നേട്ടം നല്‍കുന്നതാണ് പുതിയ പരിഷ്‌ക്കാരം. ഈ ഉത്സവ വേളയില്‍ എല്ലാവരുടെയും ഹൃദയം മധുരത്താല്‍ പൂരിതമാകണം.

ജി.എസ്.ടി 2.0 നടപ്പില്‍ വരുന്നതോടെ ഭൂരിഭാഗം നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. മധ്യവര്‍ഗം കൂടുതലായി ഉപയോഗിക്കുന്ന 99% സാധനങ്ങളുടെയും വിലയില്‍ ഇറക്കമുണ്ടാകും. 12 ലക്ഷം രൂപ വരെ ആദായ നികുതി ഈടാക്കാത്ത സര്‍ക്കാര്‍ നയം മധ്യവര്‍ഗത്തിനാണ് കൂടുതല്‍ നേട്ടം നല്‍കിയിരിക്കുന്നത്. ആദായ നികുതി, ജി.എസ്.ടി എന്നിവയുടെ പരിഷ്‌ക്കരണത്തിലൂടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പ്രതിവര്‍ഷം ആകെ 2.5 ലക്ഷം കോടി രൂപയാണ് ലാഭിക്കാന്‍ സാധിച്ചത്.

കഴിഞ്ഞ 11 വര്‍ഷമായി, ഈ സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ഏകദേശം 25 കോടി ആളുകള്‍ ദാരദ്ര്യത്തില്‍ നിന്ന് പുറത്തു വന്നു. ഇന്ത്യയുടെ വികസനത്തിന് വേണ്ടി നമ്മള്‍ സ്വാശ്രയത്വം (ആത്മനിര്‍ഭര്‍) കൈവരിക്കേണ്ടതുണ്ട്. ഇവിടെ എം.എംസ്.എം.ഇകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഇതിന്റെ പ്രയോജനം അവര്‍ക്കാണ് ഏറ്റവുമധികം ലഭിക്കുക.

നിലവില്‍ ഇന്ത്യന്‍ സ്വദേശ ഉല്പന്നങ്ങള്‍ ഉപയോഗിക്കേണ്ട സമയമാണ്. ഇന്ത്യയില്‍ നിര്‍മിച്ച ഉല്പന്നങ്ങള്‍
വാങ്ങിക്കുകയും, ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. 'ഞാന്‍ സ്വദേശി ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നു' എന്ന് ഉറക്കെ പറയുന്നതില്‍ ജനങ്ങള്‍ അഭിമാനം കൊള്ളണം.

രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍, ഇവിടെ നിര്‍മിക്കാന്‍ സാധിക്കുന്നത് രാജ്യത്തിനുള്ളില്‍ത്തന്നെ നിര്‍മിക്കണം. പല വിദേശ ഉല്പന്നങ്ങളും നമ്മുടെ നിത്യ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. അവയെ ഒഴിവാക്കുകയും 'മെയ്ഡ് ഇന്‍ ഇന്ത്യ പ്രൊഡക്ടുകള്‍' വാങ്ങുകയും ചെയ്യണം' -- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഉപഭോക്താക്കളുടെ ഭാരം കുറയും

രാജ്യത്ത് പരിഷ്‌ക്കരിച്ച ജി.എസ്.ടി നിരക്കുകള്‍  നാളെ, 2025 സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ വരും. ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍ അടക്കം നിരവധി സാധനങ്ങളുടെയും, മറ്റ് സേവനങ്ങളുടെയും വില കുറയുകാണ് ചെയ്യുക. നാളെ മുതല്‍ ഇന്ത്യയില്‍ 5%, 18% സ്ലാബുകള്‍ മാത്രമാണുള്ളത്. കൂടാതെ ലക്ഷ്വറി, പുകയില ഉല്പന്നങ്ങള്‍ക്ക് പ്രത്യേക 40% സ്ലാബും ബാധകമാകും.

ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ്, വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വില കുറയുന്നതോടെ ഇന്ത്യയിലെ ഉപഭോഗം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സര്‍ക്കാരിന് നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെങ്കിലും ഉയരുന്ന ഉപഭോഗത്തിലൂടെ ഇത് ക്രമേണ 'ബാലന്‍സ്' ആകുമെന്നാണ് കണക്കു കൂട്ടുന്നത്.

വില കുറയുന്ന പ്രധാന പ്രൊഡക്ടുകളും, സര്‍വീസുകളും

ഡെയ്‌ലി ഫുഡ് ഐറ്റംസ് : പാല്‍ അധിഷ്ഠിത ബീവറേജ്, ബിസ്‌ക്കറ്റ്, ബട്ടര്‍, ധാന്യങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, ഫ്രൂട് ജ്യൂസ്, നെയ്യ്, ഐസ്‌ക്രീം, ജാം, നംകീന്‍, പനീര്‍, സോസ്, കരിക്കിന്‍ വെള്ളം

ഡെയ്‌ലി യൂസ് പ്രൊഡക്ട്‌സ് : ഷാംപൂ, സോപ്പ്, ഹെയര്‍ ഓയില്‍, ഷേവിങ് ക്രീം, ടാല്‍ക്കം പൗഡര്‍, ഫേസ് ക്രീമുകള്‍

ഇലക്ട്രോണിക്‌സ് : എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ടി.വി, ഡിഷ് വാഷര്‍, ഇന്‍വെര്‍ട്ടര്‍ ബാറ്ററി

മെഡിസിന്‍ : പലതരം മെഡിസിനുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍
സര്‍വീസ് സെക്ടര്‍ : സലൂണ്‍, ബാര്‍ബര്‍, ജിം, ഫിറ്റ്‌നസ് സെന്ററുകള്‍, യോഗ സര്‍വീസുകള്‍

സിമന്റിന് വില കുറഞ്ഞത് കണ്‍സ്ട്രക്ഷന്‍ മേഖലയ്ക്ക്ഊര്‍ജ്ജമാകും.

വലിയ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ത്തന്നെ നികുതി നേട്ടം ഉപഭോക്താക്കളിലേക്ക് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് ഡോവ് ഷാമ്പൂ, ലൈഫ് ബോയ് സോപ്പുകള്‍, ഹോര്‍ലിക്‌സ്, കിസാന്‍ ജാം എന്നിവയ്ക്ക് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വില കുറച്ചു. തങ്ങളുടെ 700ല്‍ അധികം ഉല്പന്നങ്ങള്‍ക്ക് ഡയറി ഭീമനായ അമൂല്‍ വിലക്കുറവ് നടപ്പാക്കി. നെയ്യ്, വെണ്ണ, പനീര്‍, ചീസ്, ബേക്കറി പ്രൊഡക്ടുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ റെയില്‍വെ, റെയില്‍ നീര്‍ ഡ്രിങ്കിങ് വാട്ടര്‍ വില 15 രൂപയില്‍ നിന്ന് 14 രൂപയായി കുറച്ചു

മാരുതി സുസുക്കി ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ് ഇന്ത്യ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ പോപ്പുലര്‍ കാര്‍ മോഡലുകള്‍ക്ക് 70,000 രൂപ മുതല്‍ 1.3 ലക്ഷം രൂപ വരെ കുറച്ചു.

350 സി.സിയില്‍ താഴെയുള്ള മോട്ടോര്‍ ബൈക്കുകള്‍ക്കും, സ്‌കൂട്ടറുകള്‍ക്കും, ഹോണ്ട, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ, സുസുക്കി തുടങ്ങിയ കമ്പനികളുടെ വിവിധ ടൂ വീലര്‍ വേരിയന്റുകള്‍ക്ക് സെപ്റ്റംബര്‍ 22 മുതല്‍ വിലക്കുറവ് ബാധകമാകും.

narendra modi gst