ആണവോര്‍ജ മേഖലയില്‍ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു; ശാന്തി ബില്ലില്‍ സുപ്രധാന ഭേദഗതികള്‍ക്കൊരുങ്ങി കേന്ദ്രം

ിലവിലുള്ള അറ്റോമിക് എനര്‍ജി ആക്ട് (1962), സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ട് (2010) എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

author-image
Biju
New Update
nuc2

ന്യൂഡല്‍ഹി: രാജ്യത്തെ ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സസ്റ്റെയിനബിള്‍ ഹാര്‍നസിങ് ആന്‍ഡ് അഡ്വാന്‍സ്മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്ഫോര്‍മിങ് ഇന്ത്യ (ശാന്തി) ബില്ലിലൂടെ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു. നിലവിലുള്ള അറ്റോമിക് എനര്‍ജി ആക്ട് (1962), സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് ആക്ട് (2010) എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

ആണവ ദുരന്തമുണ്ടായാല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികള്‍ക്ക് മേല്‍ ഉത്തരവാദിത്തം ചുമത്തുന്ന 2010-ലെ നിയമത്തിലെ 17 (b) വകുപ്പില്‍ ഇളവ് വരുത്താനാണ് സര്‍ക്കാരിന്റെ നീക്കം. വിദേശ കമ്പനികള്‍ ഇന്ത്യയിലെ ആണവോര്‍ജ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ മടിച്ചിരുന്ന പ്രധാന കാരണം ഈ നിയമമായിരുന്നു. പുതിയ ഭേദഗതിയോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഈ ഉത്തരവാദിത്തം പുനര്‍നിര്‍ണയിക്കപ്പെടും.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പരമാധികാര ഫണ്ടുകള്‍ ഇന്ത്യന്‍ ആണവോര്‍ജ്ജ മേഖലയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഊര്‍ജ സ്രോതസുകള്‍ വര്‍ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വലിയ തോതില്‍ മൂലധനം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം. ചെറുകിട ആണവ റിയാക്ടറുകളുടെ നിര്‍മ്മാണ മേഖലയിലും വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്.

ഭേദഗതിയിലെ പ്രധാന വശങ്ങള്‍

നിര്‍വ്വചനങ്ങളിലെ വ്യക്തത: വിതരണക്കാരന്‍ എന്ന വാക്കിന്റെ പരിധിയില്‍ ആരൊക്കെ വരുമെന്ന കാര്യത്തില്‍ ബില്ലില്‍ കൂടുതല്‍ വ്യക്തത വരുത്തി. ഇതുവഴി ചെറുകിട ഇന്ത്യന്‍ ഉപകരണ നിര്‍മ്മാതാക്കളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടും.

നഷ്ടപരിഹാര പരിധി: കരാറിന്റെ വലിപ്പത്തിനനുസരിച്ച് നഷ്ടപരിഹാര ബാധ്യതയ്ക്ക് പരിധി നിശ്ചയിക്കും.

സുരക്ഷാ പരിശോധന: ആണവോര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ (AERB) സുരക്ഷാ അനുമതി വാങ്ങുന്നത് നിര്‍ബന്ധമാക്കും.

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ, ആണവ മേഖലയിലെ ഈ നിയമ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ പാസാകുന്നതോടെ ഊര്‍ജ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.