പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷം കേരള ബാങ്കിന്റെ അറ്റാദായം 209 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 20.5 കോടി രൂപയായിരുന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ബാങ്ക് ലാഭം കൈവരിക്കുന്നത്. നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസ്സിലും ക്രമാനുഗതമായ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ബിസിനസ് 101194 കോടി രൂപയില്‍ നിന്നും 116582 കോടി രൂപയായി ഉയര്‍ന്നു.
2023-24 സാമ്പത്തിക വര്‍ഷം പുതുതായി 19601 കോടി രൂപയുടെ വായ്പ അനുവദിച്ചു. കാര്‍ഷിക മേഖലയില്‍ 99200 വായ്പകളും, ചെറുകിട സംരംഭ മേഖലയില്‍ 85000-ത്തിലധികം വായ്പകളും ഇക്കാലയളവില്‍ ബാങ്ക് നല്‍കി. മൂലധന പര്യാപ്തത 10.32 ശതമാനമായി ബാങ്ക് നിലനിറുത്തി. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് 10335 കോടി രൂപയുടെ വായ്പ അനുവദിച്ചു. മൊത്തം വായ്പയില്‍ 21% ആണിത്.