പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ(പി.എന്‍.ബി) അറ്റാദായം 3,252 കോടി രൂപയായി വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ബാങ്കിന്റെ അറ്റാദായത്തിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ അറ്റാദായം 1,255 കോടി രൂപയായിരുന്നു. 159 ശതമാനം വര്‍ധനവാണ് ബാങ്ക് കൈവരിച്ചത്.
അറ്റപലിശ വരുമാനം 10.23 ശതമാനം ഉയര്‍ന്ന് 10,476 കോടി രൂപയിലെത്തി. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിലും മികച്ച പ്രകടനമാണ് ബാങ്ക് കാഴ്ചവെച്ചത്. നിഷ്‌ക്രിയ ആസ്തി ജൂണ്‍ 30ന് 4.98 ശതമാനമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം അര്‍ദ്ധ വര്‍ഷത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 5,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പി.എന്‍.ബി മാനേജിംഗ് ഡയറക്ടര്‍ അതുല്‍ കുമാര്‍ ഗോയല്‍ പറഞ്ഞു.