ന്യൂഡല്‍ഹി: ഇന്ത്യന്‍ റീട്ടെയില്‍ ഭീമനായ ട്രെന്റ്, അതിന്റെ ഫാഷന്‍ ബ്രാന്‍ഡായ സുഡിയോ ദുബായില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ദുബായിലെ ആദ്യത്തെ സുഡിയോ സ്റ്റോര്‍ സിലിക്കണ്‍ ഒയാസിസ് മാളിലാകും ആരംഭിക്കുക. ഇത് ട്രെന്റിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സംരംഭമായിരിക്കും എന്ന പ്രത്യേകതയുമുണ്ട്.
സുഡിയോയുമായി വിദേശ വിപണിയിലേക്കുള്ള ട്രെന്റിന്റെ പ്രവേശനം ഒരു പരീക്ഷണമായിരിക്കുമെന്നും ഇതില്‍ നിന്നും ലഭിക്കുന്ന പ്രതികരണം അനുസരിച്ചായിരിക്കും വിപുലീകരണങ്ങള്‍ ഉണ്ടാകുകയെന്നും ട്രെന്റ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുമ്പ് വിപണി സാധ്യതകള്‍ വിലയിരുത്തുന്നതിന് ഈ ചുവടുവെപ്പ് സഹായിക്കുമെന്ന് കരുതുന്നതായും ട്രെന്റ് എക്‌സിക്യൂട്ടീവ് പറഞ്ഞു.
ട്രെന്റിന്റെ വെസ്റ്റ്‌സൈഡ് സ്റ്റോറുകള്‍ സാധാരണയായി 20,000 മുതല്‍ 30,000 ചതുരശ്ര അടി വരെയാണ് നിര്‍മ്മിക്കാറുള്ളത് എന്നാല്‍, സൂഡിയോ സ്റ്റോറുകള്‍ 7,000 മുതല്‍ 10,000 ചതുരശ്ര അടി വരെയാണ്. ആഭ്യന്തര വിപണിയില്‍ വളര്‍ച്ച കൈവരിച്ച ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ട്രെന്റിന്റെ തീരുമാനം.
2023-24 സാമ്പത്തിക വര്‍ഷത്തില്‍, 50% വര്‍ധനയാണ് ട്രെന്റിന്റെ വില്പനയില്‍ ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ അറ്റാദായവും 1477 കോടി രൂപയായി ഉയര്‍ന്നു. ജൂണ്‍ വരെ, ട്രെന്റ് 228 വെസ്റ്റ്‌സൈഡ് സ്റ്റോറുകളും 559 സൂഡിയോ സ്റ്റോറുകളും 36 മറ്റ് ലൈഫ്‌സ്‌റ്റൈല്‍ കണ്‍സെപ്റ്റ് സ്റ്റോറുകളും തുറന്നിട്ടുണ്ട്.