ന്യൂഡല്‍ഹി: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബും നിരക്കിലെ മാറ്റങ്ങളും ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ 12 ലക്ഷം രൂപ വരുമാനം വരെ നികുതി അടയ്‌ക്കേണ്ട എന്നത് ആശ്വാസമാകും. എന്നാല്‍, ആദായനികുതി നിയമത്തില്‍ പ്രത്യേക നിരക്കുകള്‍ നല്‍കിയിട്ടുള്ള ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 12 ലക്ഷം രൂപ എന്ന നികുതിരഹിത പരിധി ബാധകമല്ല.
വായ്പ തിരിച്ചടവ് തുക കുറയും
ഫെബ്രുവരിയില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 0.25% കുറച്ചു. ഭവന വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയ വായ്പകളുടെ പലിശ നിരക്ക് ഇതനുസരിച്ച് ബാങ്കുകള്‍ കുറച്ചത് വായ്പക്കാരുടെ തിരിച്ചടവ് തുക കുറയാനിടയാക്കിയിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞതിനാല്‍ ആര്‍ബിഐ റിപ്പോ നിരക്ക് ഇനിയും കുറച്ചേക്കും. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും 0.75% കുറക്കാന്‍ സാധ്യത ഉണ്ടെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതും ആളുകളുടെ പക്കല്‍ അധിക പണം കൈവരാനിടയാക്കുന്ന നീക്കമാണ്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇരട്ടിയാശ്വാസം
ഏപ്രില്‍ 1 മുതല്‍ വാടക, നിക്ഷേപം തുടങ്ങിയ വിവിധ ഇടപാടുകള്‍ക്കുള്ള പുതിയ ടിഡിഎസ് പരിധികള്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് സാധാരണ പൗരന്മാര്‍ക്ക് 50,000 രൂപ പലിശ വരുമാനത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കും ടിഡിഎസ് പിടിക്കില്ല. നേരത്തെ ഈ പരിധികള്‍ സാധാരണ പൗരന്മാര്‍ക്ക് 40,000 വും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 വും ആയിരുന്നു.
ന്മവാടകയാകട്ടെ, വര്‍ഷത്തില്‍ 6 ലക്ഷം വരെ ആണെങ്കില്‍ ടി ഡി എസ് കുറയ്ക്കില്ല. നേരത്തെ ഈ പരിധി ഒരു വര്‍ഷം 2.4 ലക്ഷം രൂപ ആയിരുന്നു.
ന്മവിദേശത്തേക്ക് പോകുന്നവര്‍ക്ക്, ആര്‍ബിഐയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) പ്രകാരമുള്ള പണമടയ്ക്കലില്‍ നിന്നുള്ള ടിഡിഎസ് 10 ലക്ഷം രൂപ വരെ കുറയ്ക്കില്ല. നേരത്തെ, ടിഡിഎസ് പരിധി 7 ലക്ഷം രൂപ ആയിരുന്നു.
പലിശ വരുമാനം ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും നേട്ടം
ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി കൊടുത്ത് കഴിയുമ്പോള്‍ പണപ്പെരുപ്പത്തെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആദായം ഇവയില്‍ നിന്ന് ലഭിക്കില്ല എന്നത് സ്ഥിരനിക്ഷേപങ്ങളുടെ വലിയൊരു പോരായ്മയാണ്. എന്നാലും നമ്മുടെ സമൂഹത്തില്‍ നല്ലൊരു പങ്ക് മുതിര്‍ന്ന പൗരന്മാരും സാമ്പത്തിക വിദ്യാഭ്യാസം കുറവുള്ളവരും ഇപ്പോഴും നിക്ഷേപങ്ങള്‍ക്കും, സേവിങ്സിനുമായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ സന്തോഷിക്കാം.
2025-26 സാമ്പത്തിക വര്‍ഷം മുതല്‍, സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമായിരിക്കും. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാനം ഉണ്ടാകരുത്. സ്ഥിര നിക്ഷേപ പലിശ വരുമാനത്തിന് 12 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുന്നതിന് ഈ നിബന്ധന പാലിക്കണം.
12 ലക്ഷം രൂപ വരെ നികുതി ബാധകമല്ലാത്ത വരുമാനത്തില്‍ ശമ്പളം, പെന്‍ഷന്‍, സ്ഥിര നിക്ഷേപങ്ങള്‍ മുതലായവയില്‍ നിന്നുള്ള വരുമാനത്തിന് 60,000 രൂപ റിബേറ്റിന് അര്‍ഹതയുണ്ടാകും. എന്നാല്‍ പ്രത്യേക നിരക്കിലുള്ള വരുമാനങ്ങളായ ഓഹരിയില്‍ നിന്നുള്ള വരുമാനം, വീട് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക, സ്ഥല കച്ചവടത്തില്‍ നിന്നുള്ള പണം, സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക തുടങ്ങിയവക്കൊന്നും ഇങ്ങനെ റിബേറ്റ് ലഭിക്കില്ല.
നികുതിയില്ലാതെ രണ്ടു വീടുകള്‍
2025 ലെ ബജറ്റില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഏപ്രില്‍ ഒന്ന് മുതല്‍ നികുതിദായകന് രണ്ട് വീടുകള്‍ സ്വന്തമായി താമസിക്കുന്നതായി അവകാശപ്പെടാം. യാതൊരു നികുതിയും നല്‍കേണ്ടതില്ല എന്ന വലിയ സാമ്പത്തിക മെച്ചവും ഉണ്ട്. ഒരു വ്യക്തിക്ക് മൂന്ന് വീടുകളുണ്ടെങ്കില്‍ ഏതെങ്കിലും രണ്ട് വീടുകള്‍ സ്വന്തമായി താമസിക്കുന്നതായി അവകാശപ്പെടാം. മൂന്നാമത്തെ വീടിന് ലഭിക്കുന്ന വരുമാനത്തിന് മാത്രമേ നികുതി ബാധ്യത ഉണ്ടാകൂ. ഈ നേട്ടത്തിനും ഏപ്രില്‍ ഒന്ന് മുതല്‍ തുടക്കമാകും.
വാടക വരുമാനത്തിനുള്ള ആദായനികുതിയും സ്രോതസ്സില്‍ തന്നെ നികുതി കിഴിവ് ചെയ്യുന്നതിനുള്ള പരിധിയും നിലവിലുള്ള 2.40 ലക്ഷം രൂപയില്‍ നിന്ന് പ്രതിവര്‍ഷം 6 ലക്ഷം രൂപയായി ഉയര്‍ത്തിയത് വീട്ടുടമസ്ഥര്‍ക്ക് പോക്കറ്റ് ചോര്‍ച്ച കുറയ്ക്കും.
എന്‍.പി.എസ് വാത്സല്യ
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളക്കാരായ ജീവനക്കാര്‍ക്കും മറ്റ് നികുതിദായകര്‍ക്കും കുട്ടികളുടെ എന്‍പിഎസ് വാത്സല്യ അക്കൗണ്ടിലേക്ക് സംഭാവന നല്‍കാനും പഴയ നികുതി വ്യവസ്ഥ പ്രകാരം 50,000 രൂപ അധിക കിഴിവ് അവകാശപ്പെടാനും കഴിയും.
യൂലിപ് വരുമാനം
2025 ലെ ബജറ്റ് അനുസരിച്ച്, 2.5 ലക്ഷം രൂപ പ്രീമിയം പരിധി കവിയുന്ന വരുമാനത്തെ മൂലധന നേട്ടമായി തരംതിരിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 112എ പ്രകാരം അവയ്ക്ക് നികുതി ചുമത്തും.
വ്യാപാരികള്‍ക്ക് പോക്കറ്റ് ചോര്‍ച്ച കുറയും
50 ലക്ഷം രൂപയില്‍ കൂടുതലുള്ള വില്‍പ്പനയ്ക്കുള്ള ടിസിഎസ് നിര്‍ത്തലാക്കി. 2025 ഏപ്രില്‍ 1 മുതല്‍ ഉയര്‍ന്ന മൂല്യമുള്ള വില്‍പ്പനയ്ക്ക് ബിസിനസുകാര്‍ ഇനി 0.1% ടിസിഎസ് കുറയ്‌ക്കേണ്ടതില്ല. ഈ മാറ്റം ബിസിനസുകളിലേക്കുള്ള പണമൊഴുക്ക് മെച്ചപ്പെടുത്തുകയും നികുതി പാലിക്കല്‍ ലളിതമാക്കുകയും ചെയ്യും.
നികുതി ഫയല്‍ ചെയ്യാത്തവര്‍ക്ക് ഇനി ഉയര്‍ന്ന ടിഡിഎസ്/ടിസിഎസ് ഇല്ല
മുമ്പ്, ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിക്കാത്ത വ്യക്തികള്‍ക്ക് ഉയര്‍ന്ന ടിഡിഎസ്/ടിസിഎസ് നല്‍കണമായിരുന്നു. സാധാരണ നികുതിദായകര്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും അമിത നികുതി നിരക്കുകളില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനായി 2025 ലെ ബജറ്റ് ഈ വ്യവസ്ഥ നീക്കം ചെയ്തു.