ന്യുജേഴ്സിയുടെ വമ്പന്‍ നിക്ഷേപം കേരളത്തില്‍ വരുന്നു

ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അഞ്ച് ബില്യന്‍ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്നതാണ് കേരളത്തിന്റെ സമസ്ത മേഖലയിലുമുള്ള വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു

author-image
Biju
New Update
newjersy

തിരുവനന്തപുരം: കേരളത്തിലേക്ക് നിക്ഷേപം നടത്താന്‍ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാന്‍ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ന്യുജേഴ്സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താത്പര്യം അറിയിച്ചു.

ന്യുജേഴ്സി സര്‍ക്കാരിനെ നിക്ഷേപം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയത്താണ് ഗവര്‍ണര്‍ മര്‍ഫി ഇവിടേക്ക് എത്തിയതെന്നും നാല് വിമാനത്താവളങ്ങളും അതിനോടൊപ്പം തന്നെ ആധുനികവല്‍ക്കരിച്ച തുറമുഖങ്ങളുമായി രാജ്യത്തിന് തന്നെ മാതൃകയായി കേരളം കുതിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യുജേഴ്സി ഭരണകൂടത്തേയും സംരംഭകരേയും കേരളത്തിലേക്ക് എല്ലാ സമയത്തും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു. കേരളത്തിലേക്ക് നിക്ഷേപം നടത്താനുള്ള ന്യുജേഴ്സി സര്‍ക്കാരിന്റെ ശ്രമങ്ങളെ എം.എ യൂസഫലി പ്രശംസിച്ചു.

ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അഞ്ച് ബില്യന്‍ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്നതാണ് കേരളത്തിന്റെ സമസ്ത മേഖലയിലുമുള്ള വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫിയുടെ ഭാര്യ താമി മര്‍ഫി, വ്യവസായ മന്ത്രി പി രാജീവ്, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍, ന്യൂജേഴ്സി സര്‍ക്കാരിന്റെ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത തല ഉദ്യോഗസ്ഥര്‍, രാജ്യത്തെ ബിസിനസ് സംരംഭകര്‍, മാധ്യമസ്ഥാപന മേധാവികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.