കരയിലും കടലിലുമായി ഊര്‍ജ്ജോത്പാദന രംഗത്ത് വന്‍ മാറ്റത്തിന് തുടക്കമിടാന്‍ ഇന്ത്യ

കപ്പല്‍ ഗതാഗത രംഗത്ത് വമ്പന്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി നടപ്പിലായാല്‍ ചരക്കുകപ്പലുകള്‍ക്ക് ഫോസില്‍ ഇന്ധനത്തെ പൂര്‍ണ്ണമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.

author-image
Biju
New Update
nuc

മുംബൈ: കരയിലും കടലിലുമായി ഊര്‍ജ്ജോത്പാദന രംഗത്ത് വന്‍ മാറ്റത്തിന് തുടക്കമിടാന്‍ ഇന്ത്യ. ചരക്കുകപ്പലുകള്‍ക്ക് ഫോസില്‍ ഇന്ധനത്തിന് പകരം ആണവോര്‍ജ്ജം നല്‍കാനായി 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കോംപാക്ട് സൈസിലുള്ള ചെറിയ ആണവ റിയാക്ടര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ആണവോര്‍ജ്ജ ഗവേഷണ കേന്ദ്രമായ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്ക്) ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കപ്പല്‍ ഗതാഗത രംഗത്ത് വമ്പന്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി നടപ്പിലായാല്‍ ചരക്കുകപ്പലുകള്‍ക്ക് ഫോസില്‍ ഇന്ധനത്തെ പൂര്‍ണ്ണമായി ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. അണുവിഭജനത്തിലൂടെ ഉണ്ടാകുന്ന താപം ഉപയോഗിച്ച് വെള്ളം നീരാവിയാക്കി, ആ നീരാവി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണ് ഇത്തരം റിയാക്ടറുകളില്‍ നടക്കുക.

ഇതിന് പുറമെ, 55 മെഗാവാട്ടിന്റെ മറ്റൊരു ചെറിയ റിയാക്ടറും ബാര്‍ക്ക് വികസിപ്പിക്കുന്നുണ്ട്. സിമന്റ് ഉത്പാദനം പോലെയുള്ള വലിയതോതില്‍ ഊര്‍ജ്ജം ആവശ്യമുള്ള ഫാക്ടറികളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ റിയാക്ടര്‍. ഇത് വിജയകരമായാല്‍ രാജ്യത്തിന്റെ ആണവോര്‍ജ്ജ ഉപഭോഗത്തില്‍ വലിയൊരു വഴിത്തിരിവിനാകും ഇടയാക്കുക.

കൂടുതല്‍ ആണവ ഇന്ധനം സൂക്ഷിക്കാവുന്ന വമ്പന്‍ ആണവോര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് പകരം ഓരോ പ്രദേശത്തും സുരക്ഷിതമായി സ്ഥാപിക്കാന്‍ കഴിയുന്ന ചെറുകിട ആണവ റിയാക്ടറുകളാണ് ബാര്‍ക്കിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചുവരുന്നത്. ഭാരത് സ്‌മോള്‍ മോഡ്യുലാര്‍ റിയാക്ടര്‍ (ബിഎസ്എംആര്‍) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്.

നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ പക്കല്‍ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘാത് എന്നീ രണ്ട് അന്തര്‍വാഹിനികളുണ്ട്. ഐഎന്‍എസ് അരിധമന്‍ എന്ന മറ്റൊരു അന്തര്‍വാഹിനി പരീക്ഷണ ഘട്ടത്തിലാണ്, അത് ഉടനെ സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. ഇവയില്‍ ഉപയോഗിക്കുന്നത് ബാര്‍ക്ക് വികസിപ്പിച്ച 83 മെഗാവാട്ടിന്റെ ചെറിയ ആണവ റിയാക്ടറാണ്. കൂടാതെ, നാവികസേനയ്ക്കായി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനി കപ്പലും ആലോചനയിലുണ്ട്.

സിവില്‍ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ സംരംഭകരെ അനുവദിക്കുന്ന തരത്തില്‍ 1962ലെ ആണവോര്‍ജ്ജ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സംരംഭകര്‍ക്ക് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനും ഊര്‍ജ്ജോത്പാദനം നടത്താനും അനുമതി നല്‍കുന്ന നിയമമാറ്റത്തിന് അനുഗുണമായാണ് ബാര്‍ക്കിന്റെ ചെറുകിട റിയാക്ടറുകള്‍ വരാന്‍പോകുന്നത്. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ 100 ഗിഗാവാട്ട് ആണവോര്‍ജ്ജ ഉത്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുടെ ആണവോര്‍ജ്ജ ശേഷി 8.8 ഗിഗാവാട്ട് മാത്രമാണ്.