അറിഞ്ഞ് കഴിക്കാം, ആരോഗ്യത്തോടെ ജീവിക്കാം...

പോഷകാഹാരത്തിൻ്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുവാനും അതുവഴി ശരിയായ പോഷണത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ നിർമ്മിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  ഇന്ത്യാ ഗവൺമെൻറ് സെപ്റ്റംബർ 1 മുതൽ 30 വരെ ദേശീയ പോഷകാഹാര മാസമായി ആചരിക്കുന്നത്.

author-image
Greeshma Rakesh
New Update
nutrition-month-to-be-celebrated-from-1st-to-30th-september

ഷെറിൻ തോമസ് ,സീനിയർ മാനേജർ ക്ലിനിക്കൽ ന്യൂട്ട്രീഷൻ ഡിപ്പാർട്ട്മെൻ്റ് ആസ്റ്റർ മിംസ് - കോഴിക്കോട്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പോഷകാഹാരം അത്യന്താപേക്ഷിതമാണല്ലോ. രോഗങ്ങങ്ങളെ അകറ്റിനിർത്താനും, ആരോഗ്യകരമായി ജീവിക്കുവാനും നാം കഴിക്കുന്ന ഭക്ഷണത്തിലുള്ള  പോഷകങ്ങൾക്ക് മുഖ്യ പങ്കുണ്ട്. പോഷകാഹാരത്തിൻ്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുവാനും അതുവഴി ശരിയായ പോഷണത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ നിർമ്മിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്  ഇന്ത്യാ ഗവൺമെൻറ് സെപ്റ്റംബർ 1 മുതൽ 30 വരെ ദേശീയ പോഷകാഹാര മാസമായി ആചരിക്കുന്നത്.

 ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന നമ്മുടെ രാജ്യത്തിനു ലോക പോഷണക്കുറവിലും ചെറുതല്ലാത്ത സ്ഥാനം ഉണ്ട്. അതിനെ പരിഹരിക്കാനായുള്ള സർക്കാർ ശ്രമങ്ങളെ, ആത്മാർത്ഥമായി തുണയ്ക്കേണ്ടത് നമ്മുടെ കടമയാണ്. മുലയൂട്ടലിൻറെ പ്രാധാന്യം, കുഞ്ഞിൻറെ ആദ്യത്തെ ആയിരം ദിവസത്തിന്റെ പ്രാധാന്യം, ശുചിത്വം, വിളർച്ച പ്രതിരോധിക്കുക, കുഞ്ഞുങ്ങളിൽ വയറിളക്കം തടയുക എന്നിവയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് പോഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകാനുള്ള പരിപാടികൾ പൂർവാധികം ശക്തമായി നടപ്പിലാക്കാനാണ് ഈ വർഷത്തെ ദേശീയ പോഷകമാസാചരണത്തിൻ്റെ ലക്ഷ്യം.

വിളർച്ച തടയുക, കുട്ടികളുടെ വളർച്ച നിരീക്ഷിക്കുക, പോഷകാഹാരക്കുറവുകൾ ഇല്ലാതാക്കുവാൻ കുഞ്ഞുങ്ങൾക്ക് (ആറുമാസം മുതൽ രണ്ടു വയസ്സ് വരെ) സമീകൃതഭക്ഷണം നൽകുക, ഭക്ഷണത്തിനോടൊപ്പം പഠനത്തിനും പ്രാധാന്യം നൽകുക, സാങ്കേതികവിദ്യ ഉപയോഗിച്ച് ആരോഗ്യ രംഗത്തെ ഭരണനിർവ്വഹണം മെച്ചപ്പെടുത്തുക, പരിസ്ഥിതി സംരക്ഷിക്കുക, എന്നിവയാണ് ഈ വർഷത്തെ പ്രധാന പ്രമേയങ്ങൾ.

രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളർച്ച അല്ലെങ്കിൽ
അനീമിയ. കുട്ടികളിലും ഗർഭിണികളിലും ആണ് വിളർച്ച കൂടുതലായി കണ്ടുവരുന്നത്.ഒട്ടനവധി ബോധവൽക്കരണ പരിപാടികളും യജ്ഞങ്ങളും നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും വിളർച്ച നമ്മുടെ രാജ്യത്തു കൂടുതലായി കാണുന്നു. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ നാലു വയസ്സുവരെയുള്ള കുട്ടികളിൽ 40.6%വും  അഞ്ച് മുതൽ 9 വയസ്സ് വരെയുള്ള കുട്ടികളിൽ 23.5%വും 10 മുതൽ 19 വയസ്സ് വരെയുള്ള
കുട്ടികളിൽ 28.4%വും  വിളർച്ച അനുഭവിക്കുന്നുണ്ട്.

മാംസ്യവും, ഇരുമ്പും, വിറ്റാമിൻ ബി12, വിറ്റാമിൻ സി യും അടങ്ങിയ പോഷക സമൃദ്ധമായ ആഹാരം മതിയായ അളവിൽ കഴിച്ചാൽ വിളർച്ച നല്ലൊരു ശതമാനം കുറയ്ക്കാനും, തടയാനും സാധിക്കും. ആവശ്യമുള്ളവർക്ക് ഇരുമ്പ് ഫോളിക്കാസിഡ് ഗുളികകളായും നൽകുന്നു. കൂടാതെ ആവശ്യമായ പോഷകങ്ങൾകൊണ്ട് സമ്പുഷ്‌ടീകരിച്ച ആഹാരം നൽകുന്നത് ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികൾക്ക് വളരെ സഹായകരവുമാണ്.

അംഗനവാടികളിൽ കുട്ടികളുടെ പൊക്കവും തൂക്കവും കൃത്യമായി നിർണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യണം. രക്തക്കുറവും തൂക്കക്കുറവും, പോഷണക്കുറവുമുഉള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി വളർത്തി കൃത്യമായി നിരീക്ഷിക്കണം. ജനനം മുതൽ ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകുക. ആറുമാസം മുതൽ രണ്ടു വയസ്സുവരെ മുലപ്പാലിനോടൊപ്പം അനുപൂരക പോഷണങ്ങളും നൽകണം. ഈ പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാർക്ക് പോഷകസമൃദ്ധമായ അനുപൂരക ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായ ബോധവൽക്കരണം നൽകണം.

2023 മെയ് മാസം പ്രഖ്യാപനം ചെയ്‌ത 'പോഷൻ ഭി പഡായി ഭി' പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയിൽ ലോകോത്തര നിലവാരം ഉള്ള പ്രീ സ്‌കൂളുകളുടെ ശൃംഖല തീർക്കുക എന്നതാണ്. ജനനം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികളുടെ വളർച്ചയ്ക്ക് മുൻതൂക്കം നൽകി "നവചേതന" എന്ന പദ്ധതിയും മൂന്നു മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾക്ക് "ആധാർശില" എന്ന പഠന പദ്ധതിയും രൂപകൽപ്പന ചെയ്തിട്ടുണ്ട്.

സാങ്കേതികവിദ്യയുടെ സഹായത്താൽ പോഷക ബോധവൽക്കരണം ശക്തിപ്പെടുത്താനും ജനങ്ങളിലേക്ക് എത്തിക്കാനും  പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നുണ്ട്. വീടുകൾതോറും സന്ദർശനം നടത്തുക, പൂരക പോഷണങ്ങൾ അവർക്ക് എത്തിക്കുക, ഗുണഭോക്താക്കളുടെ മൊബൈൽ ടെലിഫോൺ വെരിഫിക്കേഷൻ നടത്തുക, ആധാർ കാർഡ് പരിശോധന നടത്തുക, എന്നിവ സാങ്കേതികവിദ്യയുടെ സഹായത്താൽ ലഘൂകരിക്കാനും സാധിക്കുന്നു.പോഷണ ഭദ്രത ഉറപ്പുവരുത്താൻ നമ്മുടെ സ്വഭാവമാറ്റവും, സമൂഹത്തിൻറെ കൂട്ടായ മാറ്റങ്ങളും ആവശ്യമാണ്. ഇതിന് യോജിച്ച രീതിയിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ശരിയായ പോഷണത്തിനോടൊപ്പം കുട്ടികൾക്ക് കളികൾക്കും പ്രാധാന്യം നൽകിക്കൊണ്ട് മാനസികവും ശാരീരികവും വൈകാരികവുമായ വികാസമാണ് ലക്ഷ്യമിടുന്നത്. കളികളിൽ കൂടെ പഠനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും പരിശീലനം നൽകാനും പദ്ധതികൾ ഉണ്ട്. മരത്തൈകൾ നട്ടുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും വഴി പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിടുന്നുണ്ട്. അംഗനവാടികളിൽ ചെറുധാന്യ പാചക മത്സരങ്ങൾ, പോഷണം ക്വിസ് മത്സരം, ചിത്രരചന മത്സരം, യോഗ ക്ലാസുകൾ, എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതികളെല്ലാം ഫലവത്താകാൻ നമുക്കെല്ലാവർക്കും കൈകോർക്കാം, വിജയിപ്പിക്കാം.


തയ്യാറാക്കിയത്:
ഷെറിൻ തോമസ്
സീനിയർ മാനേജർ
ക്ലിനിക്കൽ ന്യൂട്ട്രീഷൻ ഡിപ്പാർട്ട്മെൻ്റ്
ആസ്റ്റർ മിംസ് - കോഴിക്കോട്

aster mims nutrition month