/kalakaumudi/media/media_files/2025/11/20/nvdiaa-2025-11-20-09-03-33.jpg)
വാഷിങ്ടണ്‍: അമേരിക്കയില്‍ തുടങ്ങി ലോകമാകെ വീശിയടിച്ച 'നിര്‍മിത ബുദ്ധി കൊടുങ്കാറ്റിനെ' (എഐ ബബിള്‍) തച്ചുടച്ച് 'രക്ഷകന്റെ കടന്നുവരവ്'. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും എഐ ചിപ് നിര്‍മാണരംഗത്തെ 'ഭീമനുമായ' എന്‍വിഡിയ പ്രതീക്ഷകളെ കവച്ചുവച്ച സെപ്റ്റംബര്‍ പാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടതോടെ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ മികച്ച നേട്ടത്തിലേക്ക് ഇരച്ചുകയറി. യുഎസില്‍ കഴിഞ്ഞ ഏതാനും നാളുകളായി 'ചോരപ്പുഴ'യായിരുന്ന എസ് ആന്‍ഡ് പി500 സൂചിക 0.38%, നാസ്ഡാക് 0.59%, ഡൗ ജോണ്‍സ് 0.10% എന്നിങ്ങനെ ഉയര്‍ന്നു.
ഏഷ്യയില്‍ ജാപ്പനീസ് നിക്കേയ് 4 ശതമാനത്തിലധികമാണ് ഒരുവേള കുതിച്ചത്. നിലവില്‍ നേട്ടം 3.22%. ഇന്ത്യയില്‍ എഐ കുമിള ആശങ്ക വിതച്ചിരുന്നില്ല. ചാഞ്ചാട്ടമുണ്ടായിരുന്നെങ്കിലും സെന്‍സെക്‌സ് ഇന്നലെ 513 പോയിന്റ് (+0.61%) മുന്നേറ്റം നടത്തി 85,186ലും നിഫ്റ്റി 143 പോയിന്റ് (+0.55%) ഉയര്‍ന്ന് 26,052ലും എത്തി. ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 100 പോയിന്റിലധികം കയറിയിട്ടുണ്ട്. സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് കൂടുതല്‍ കുതിക്കുമെന്നാണ് ഇതു നല്‍കുന്ന പ്രതീക്ഷ. റെക്കോര്‍ഡ് തകര്‍ക്കുമെന്നും കരുതുന്നു.
എഐയുടെ വികസനത്തിന് ടെക് കമ്പനികള്‍ വാരിക്കോരി ബില്യന്‍ കണക്കിന് നിക്ഷേപമിറക്കുന്നതിനെ ആദ്യം പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കണ്ടതെങ്കിലും പിന്നീട് പേടിയായി. ഇങ്ങനെ വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന് അനുസരിച്ചുള്ള നേട്ടം തിരിച്ചുകിട്ടിയില്ലെങ്കിലോ...? നിക്ഷേപ വാഗ്ദാനങ്ങള്‍ക്ക് പിന്നാലെ കമ്പനികളുടെ ഓഹരിവില കത്തിക്കയറിയതും വിതച്ചത് ആശങ്കയാണ്.
കയറിയതിനേക്കാള്‍ വമ്പന്‍ വീഴ്ചയായിരിക്കും കാത്തിരിക്കുന്നതെന്ന ഭയം 'എഐ കുമിള' പോലെ വികസിച്ചു. എന്നാല്‍, അതിനെയെല്ലാം തൂത്തെറിയുന്ന മികവുറ്റ പ്രവര്‍ത്തനഫലം എന്‍വിഡിയ പുറത്തുവിട്ടതോടെ വിപണി വീണ്ടും ആവേശത്തിലായി. എഐ കുമിള എന്നൊന്നില്ല എന്ന് എന്‍വിഡിയ സിഇഒ ജെന്‍സെന്‍ ഹുവാങ് പറഞ്ഞതും കരുത്ത് പകര്‍ന്നു.
എന്‍വിഡിയ ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 57.01 ബില്യന്‍ ഡോളര്‍ വരുമാനം നേടി. നിരീക്ഷകര്‍ പ്രവചിച്ചത് 54.92 ബില്യനായിരുന്നു. നടപ്പുപാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 65 ബില്യനാണ് പ്രതീക്ഷയെന്നും കമ്പനി പറഞ്ഞതോടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. എന്‍വിഡിയ ഓഹരികളുടെ നേട്ടം 5 ശതമാനത്തിലധികമാണ്.
ഓരോ ഓഹരിക്കും അനുപാതമായ ലാഭം (ഏണിങ്‌സ് പെര്‍ ഷെയര്‍/ഇപിഎസ്) 1.25 ഡോളര്‍ പ്രതീക്ഷിച്ചിടത്ത് 1.30 ഡോളറിലെത്തി. ലാഭം (നെറ്റ് ഇന്‍കം) 65% മുന്നേറി 31.91 ബില്യനിലെത്തി. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇതു 19.31 ബില്യനായിരുന്നു. കഴിഞ്ഞവര്‍ഷം ഇപിഎസ് 0.78 ഡോളറേ ഉണ്ടായിരുന്നുള്ളൂ. എഐയുടെ ചിപ് വാങ്ങുന്ന ഉപഭോക്താക്കളും ചില്ലറക്കാരല്ല - മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍, ഓറക്കിള്‍, മെറ്റ എന്നിങ്ങനെ നീളുന്നു പട്ടിക.
എന്‍വിഡിയ തൊടുത്ത ആവേശക്കാറ്റ് ഏഷ്യയിലും ആഞ്ഞുവീശി. ദക്ഷിണ കൊറിയയുടെ എസ് ഹൈനിക് 4%, സാംസങ് ഇലക്ട്രോകിസ് 4%, എന്‍വിഡിയയ്ക്കായി ചിപ് നിര്‍മിക്കുന്ന തായ്‌വാന്‍ കമ്പനിയായ ടിഎസ്എംസി 4% എന്നിങ്ങനെ മുന്നേറി.
ടോക്കിയോ ഇലക്ട്രോണ്‍, റെനസസ് ഇലക്ട്രോണിക്‌സ്, ലേസര്‍ടെക്, എഐ കമ്പനികളില്‍ വലിയ നിക്ഷേപമുള്ള സോഫ്റ്റ്ബാങ്ക് എന്നിവ 7% വരെ ഉയര്‍ന്നു. ദക്ഷിണ കൊറിയന്‍ ഓഹരി സൂചികയായ കോസ്പി 2.63%, ഓസ്‌ട്രേലിയയുടെ എഎസ്എക്‌സ്200 സൂചിക 1%, ഹോങ്കോങ് 0.09%, ഷാങ്ഹായ് 0.19% എന്നിങ്ങനെയും നേട്ടത്തിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
