/kalakaumudi/media/media_files/2025/03/23/ENdJm3G2dT7ZhhEotRtD.jpg)
ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ പാകിസ്ഥാന് 115 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 16.2 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. 44 റണ്‍സെടുത്ത അബ്ദുള്‍ സമദും 24 റണ്‍സെടുത്ത ഇര്‍ഫാന്‍ ഖാനും മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്.
ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫി നാലും സാക്രേ ഫോക്‌സും മൂന്നും വിക്കറ്റ് വീഴ്ത്തി. നാലാം മത്സരത്തിലെ ജയത്തോടെ അഞ്ച് മത്സര ടി20 പരമ്പര ന്യൂസിലന്‍ഡ് 3-1ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന ടി20 മത്സരം ബുധനാഴ്ച വെല്ലിംഗ്ടണില്‍ നടക്കും. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 220-6, പാകിസ്ഥാന്‍ 16.2 ഓവറില്‍ 105ന് ഓള്‍ ഔട്ട്.
221 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന് തുടക്കത്തിലെ അടിതെറ്റി. രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ(2) വില്യം ഒറൂര്‍ക്കെ ബൗള്‍ഡാക്കി. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഹസന്‍ നവാസിനെ(1) രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ജേക്കബ് ഡഫി പുറത്താക്കി.
ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെ(1) കൂടി ഡഫി പുറത്താക്കിയതോടെ പാകിസ്ഥാന്‍ 9-3ലേക്ക് തകര്‍ന്നടിഞ്ഞു. ഇര്‍ഫാന്‍ ഖാന്‍ പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍ പ്ലേയില്‍ തന്നെ മടങ്ങി. ഡഫി തന്നെയാണ് ഇര്‍ഫാന്‍ ഖാനെയും മടക്കിയത്.ഷദാബ് ഖാനും(1) കാര്യമായി ഒന്നും ചെയ്യാനായില്ല. ഇതോടെ പവര്‍പ്ലേയില്‍ 42-5ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാന് പിന്നീടും വിക്കറ്റുകള്‍ തുടരെ നഷ്ടമായി.
കുഷ്ദീല്‍ ഷായും(6), അബ്ബാസ് അഫ്രീദിയും(1) ഷഹീന്‍ അഫ്രീദിയും(6) കൂടി പിന്നാലെ വീണതോടെ പാകിസ്ഥാന്‍ 56-8ലേക്ക് വീണു. അബ്ദുള്‍ സമദിനൊപ്പം പിടിച്ചു നിന്ന ഹാരിസ് റൗഫ് പാകിസ്ഥാനെ 100 കടത്തുമെന്ന് തോന്നിച്ചെങ്കിലും ഡഫിക്ക് മുമ്പില്‍ വീണു. സമദിന്റെ പോരാട്ടമാണ് പാകിസ്ഥാനെ 100 കടത്തി വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു.
20 പന്തില്‍ 50 റണ്‍സടിച്ച ഫിന്‍ അലനാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ടിം സീഫര്‍ട്ട് 22 പന്തില്‍ 44 റണ്‍സടിച്ചപ്പോള്‍ നായകന്‍ മൈക്കല്‍ ബ്രേസ്വെല്‍ 26 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് 27 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
