വാഷിങ്ടൺ: ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയർന്ന് എണ്ണവില. ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിയിൽ എണ്ണവില ഉയരുന്നതിന് ഇടയാക്കിയത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില ബാരലിന് 70.16 ഡോളറായാണ് ഉയർന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 2.66 ശതമാനം ഉയർന്ന് ബാരലിന് 73.61 ഡോളറായി.
ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ ഏകദേശം ഒരുകോടി ഇസ്രായേൽ പൗരന്മാർ ബങ്കറുകളിൽ അഭയം തേടിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇസ്രായേലിന് നേരെ 181 ബാലിസ്റ്റിക് മിസൈലുകളാണ് ചൊവ്വാഴ്ച രാത്രി ഇറാൻ തൊടുത്തുവിട്ടതെന്നും സൈന്യം അറിയിച്ചു.
അമേരിക്കയുടെ സഹായത്തോടെ ഈ മിസൈലുകളിൽ അധികവും പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. ലബനാനെതിരെ ഇസ്രായേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. മണിക്കൂറുകൾക്കകം മിസൈലാക്രമണമുണ്ടാകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ടെൽ അവീവിനെയും ജെറൂസലമിനെയും ലക്ഷ്യമിട്ട് ഇറാൻ ഒന്നിന് പുറകെ ഒന്നായി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്.