കൂപ്പുകുത്തി അമേരിക്കന്‍ വിപണി; ഇന്ത്യയെ പിണക്കരുതെന്ന് ട്രംപിന് ഉപദേശം

ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാന്‍ അടിയന്തര നടപടികളെടുക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ്. ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത് സുഹൃദ് രാഷ്ട്രമായ ഇന്ത്യയെ അമേരിക്കയില്‍ നിന്ന് അകറ്റി.

author-image
Biju
New Update
donald trump

വാഷിങ്ടണ്‍: ഗാസയില്‍ സമാധാനത്തിന്റെ 'ആദ്യ' ചുവടിലേക്ക് ഇസ്രയേലും ഹമാസും കടന്നുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ നഷ്ടത്തിലേക്ക് വീണ് രാജ്യാന്തര ക്രൂഡ് ഓയില്‍ വില. ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന്റെ ആദ്യഘട്ടത്തിലേക്ക് കടന്നെന്നും ബന്ദികളെ പരസ്പരം കൈമാറുമെന്നുമാണ് ട്രംപ് അറിയിച്ചത്. ഗാസ യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും നിര്‍ണായകമായ നീക്കമാണിത്. 

ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 62.11 ഡോളറിലേക്കും ബ്രെന്റ് വില 65.87 ഡോളറിലേക്കും ഇടിഞ്ഞു. ഒരു ശതമാനം നഷ്ടമാണ് ഇരു ഇനങ്ങളും നേരിട്ടത്. ക്രൂഡ് ഓയില്‍ ഉല്‍പാദനം കൂട്ടാന്‍ സൗദി അറേബ്യയും റഷ്യയും നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് കൂട്ടായ്മ കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. ഈ തീരുമാനവും എണ്ണവിലയില്‍ കനത്ത ഇടിവിന് വഴിവയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചത്ര ഉല്‍പാദന വര്‍ധന ഇല്ലാത്തത് എണ്ണവില കഴിഞ്ഞദിവസങ്ങളില്‍ കൂടാനാണ് വഴിവച്ചത്.

ഇസ്രയേല്‍-ഹമാസ്, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സമീപകാലത്ത് എണ്ണവില ബാരലിന് 70 ഡോളറിലേക്കുവരെ ഉയര്‍ന്നിരുന്നു. യുദ്ധസമാന സാഹചര്യംമൂലം മധ്യേഷ്യയില്‍ നിന്ന് രാജ്യാന്തര വിപണിയിലേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതിയായിരുന്നു കാരണം. ഇപ്പോള്‍, സമാധാനത്തിന്റെ പാത തുറന്നതോടെയാണ് എണ്ണവില വീണ്ടും നഷ്ടത്തിന്റെ ട്രാക്കിലായത്. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് എണ്ണ വില ഇടിയുന്നത് സാമ്പത്തികമായി വന്‍ നേട്ടമാകും.

നിലവില്‍ റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ കിട്ടുന്ന എണ്ണയാണ് ഇന്ത്യ വലിയതോതില്‍ വാങ്ങിക്കൂട്ടുന്നത്. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണയുടെ വിലയും കുറഞ്ഞാല്‍ ശ്രദ്ധ അങ്ങോട്ടേക്ക് തിരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയും. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ അമേരിക്കയുമായുള്ള ഭിന്നത മയപ്പെടുത്താനും ഇതുവഴി ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും. നിലവില്‍ 2026ലേക്കുള്ള എണ്ണ ഇറക്കുമതി കരാറുകള്‍ക്കായി ഇന്ത്യന്‍ കമ്പനികള്‍ ഉറ്റുനോക്കുന്നത് ഗള്‍ഫ് രാഷ്ട്രങ്ങള്‍, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ്.

ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാന്‍ അടിയന്തര നടപടികളെടുക്കണമെന്ന് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ്. ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത് സുഹൃദ് രാഷ്ട്രമായ ഇന്ത്യയെ അമേരിക്കയില്‍ നിന്ന് അകറ്റി. ചൈനയോടും റഷ്യയോടും കൂടുതല്‍ അടുക്കുകയാണ് ഇപ്പോള്‍ ഇന്ത്യ. ഇന്‍ഡോ-പസഫിക് മേഖലയില്‍ യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവകൂടി ഉള്‍പ്പെടുന്ന പ്രതിരോധ സംഖ്യമായ ക്വാഡില്‍ അംഗമാണ് ഇന്ത്യയെന്നിരിക്കേ, ട്രംപിന്റെ നിലപാടുകള്‍ യുഎസിന്റെ താല്‍പര്യങ്ങളെയാണ് ഹനിക്കുക. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും പ്രശ്‌നം വഷളാക്കരുതെന്നും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡിബോറ കെ. റോസ്, ബ്രാഡ് ഷെര്‍മന്‍, പ്രമീള ജയപാല്‍, ഫ്രാങ് പാലണ്‍ ജൂനിയര്‍, രാജ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

2025ല്‍ 2 തവണകൂടി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചന നല്‍കി യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. കഴിഞ്ഞ പണനയ നിര്‍ണയ യോഗത്തില്‍ പലിശ 0.25% കുറച്ചിരുന്നു. അതേസമയം, കഴിഞ്ഞമാസത്തെ തൊഴിലില്ലായ്മ കണക്കുകള്‍ ട്രംപ് ഭരണകൂടം ഇന്നു പുറത്തുവിടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ട്രംപിന്റെ ഗവണ്‍മെന്റ് ഷട്ട്ഡൗണിന്റെ 9-ാം ദിവസത്തിലേക്ക് കടക്കുന്നതിനാല്‍, ഇത്തരം കണക്കുകള്‍ പുറത്തുവിടേണ്ടെന്ന തീരുമാനത്തിലാണ് നിലവിലുള്ളത്. ഷട്ട്ഡൗണും സാമ്പത്തിക സ്ഥിതിയുടെ സൂചകങ്ങളായ ഇത്തരം കണക്കുകള്‍ ലഭ്യമാകാത്തതും യുഎസിന്റെ സാമ്പത്തിക മേഖലയെ അസ്വസ്ഥപ്പെടുത്തും.

donald trump