/kalakaumudi/media/media_files/2025/07/06/gas-2-2025-07-06-18-35-11.jpg)
ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടര്‍ 'കുറഞ്ഞവിലയ്ക്ക്' വിറ്റഴിച്ചതുവഴി 2023-24ല്‍ പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ നേരിട്ട സംയോജിത നഷ്ടം 40,000 കോടി രൂപ.
2023-24ല്‍ രാജ്യാന്തരവില 60% കൂടിയെങ്കിലും ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ ആനുപാതികമായി വില കൂട്ടിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്താന്‍ കേന്ദ്രം നടപടിയെടുക്കുമെന്നും അടുത്തിടെ ഒരു പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.
വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് (14.2 കിലോഗ്രാം) 1,050 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രി ഉജ്വല യോജന ഉപയോക്താക്കള്‍ക്ക് എണ്ണക്കമ്പനികള്‍ അവ നല്‍കിയത് 503 രൂപയ്ക്കാണ്. ഇത്തരത്തില്‍ രാജ്യമെമ്പാടും കുറഞ്ഞവിലയ്ക്ക് എല്‍പിജി വിതരണം ചെയ്തതുവഴി 2023-24ല്‍ മാത്രം 40,000 കോടി രൂപയുടെ നഷ്ടമുണ്ടായി. 28,000 കോടി രൂപയായിരുന്നു 2022-23ലെ നഷ്ടം.
എണ്ണക്കമ്പനികള്‍ക്കുള്ള നഷ്ടം വീട്ടുമെന്നത് 100 ശതമാനവും ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. നേരത്തേ 22,000 കോടി രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതു തികയില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ പ്രതികരണം. 2014ല്‍ 55% കുടുംബങ്ങളില്‍ മാത്രമാണ് എല്‍പിജി ലഭ്യമായിരുന്നതെങ്കില്‍ ഇപ്പോള്‍ 100 ശതമാനമാണെന്ന് മന്ത്രി പറഞ്ഞു.