/kalakaumudi/media/media_files/2025/09/05/img-20250904-wa0028-2025-09-05-09-26-51.jpg)
കൊല്ലം: അവിട്ടം നാളിൽ കൊല്ലം മെഡിട്രീന ആശുപത്രിയിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവന്നപ്പോൾ, ആ കാഴ്ച ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ കൗതുകം നൽകി.
ഗതാഗത ബോധവത്കരണ പരിപാടിയിൽ മാവേലിയായി വേഷമിടേണ്ടി വന്ന കെഎസ്ആർടിസി ഡ്രൈവർ നൗഷാദ്, പതിവുപോലെ തൻ്റെ രക്തദാനം മുടക്കാതിരിക്കാൻ മാവേലിയുടെ വേഷത്തിൽത്തന്നെ മെഡിട്രീന ആശുപത്രിയിലെത്തിയതാണ് അത്ഭുത കാഴ്ചയായി മാറിയത്.
വർഷങ്ങളായി ഓരോ മൂന്നുമാസം കൂടുമ്പോഴും മുടങ്ങാതെ രക്തദാനം നടത്തുന്ന നൗഷാദ്, ഇത്തവണ 39-ാമത്തെ രക്തദാനമാണ് നടത്തിയത്. രക്തം നൽകുന്നതിനായി മുൻകൂട്ടി അറിയിച്ചിരുന്ന ദിവസം തന്നെ ഒരു ട്രാഫിക് ബോധവത്കരണ പരിപാടിയിൽ മാവേലിയായി വേഷമിടേണ്ടി വന്നു. തൻ്റെ ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോകാതെ, മാവേലി വേഷത്തിൽത്തന്നെ അദ്ദേഹം മെഡിട്രീനയിൽ എത്തുകയായിരുന്നു.
ആശുപത്രിയിലേക്ക് മാവേലി കടന്നുവന്നത് ജീവനക്കാർക്കും രോഗികൾക്കും കുട്ടികൾക്കും ഒരുപോലെ കൗതുകമുണ്ടാക്കി. കുട്ടികളോടൊപ്പം സെൽഫിയെടുത്തും ഓണാശംസകൾ നേർന്നും മാവേലി തമ്പുരാൻ അവിടെ കുറെ സമയം ചിലവഴിച്ചു.
മെഡിട്രീന ഡയറക്ടർ പ്രിൻസ്, മാർക്കറ്റിംഗ് ഹെഡ് രാകേഷ്, മീഡിയ ഹെഡ് റിയാസ്, ഫിനാൻസ് ഓഫീസർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. പ്രതാപ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മെഡിട്രീന ഗ്രൂപ്പ്, സമൂഹത്തിന് മാതൃകയാകുന്ന ഇത്തരം പ്രവർത്തനങ്ങളെ എന്നും പ്രോത്സാഹിപ്പിക്കാറുണ്ട്. ജോയിൻ്റ് ആർ.ടി.ഒ ശരത് ചന്ദ്രനും പരിപാടിയിൽ പങ്കെടുത്തു. നൗഷാദിൻ്റെ ഈ പ്രവൃത്തി മറ്റുള്ളവർക്ക് ഒരു പ്രചോദനമാകുമെന്ന് മെഡിട്രീന അധികൃതർ അഭിപ്രായപ്പെട്ടു.