/kalakaumudi/media/media_files/2025/08/10/onion-2025-08-10-12-20-54.jpg)
ന്യൂഡല്‍ഹി : രാജ്യത്ത് ഉള്ളിവിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് നിയന്ത്രിക്കാനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വില സ്ഥിരപ്പെടുത്തുന്നതിനായി സെപ്റ്റംബര്‍ മുതല്‍ 3 ലക്ഷം ടണ്‍ ഉള്ളി സ്റ്റോക്ക് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ മുതല്‍ ഉള്ളി ബഫര്‍ സ്റ്റോക്കിന്റെ കാലിബ്രേറ്റഡ് റിലീസ് ആരംഭിക്കുമെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പ്രഖ്യാപിച്ചു.
ഉത്സവ സീസണ്‍ അടുക്കുമ്പോള്‍ പെട്ടെന്നുള്ള വിലക്കയറ്റം തടയുന്നതിനാണ് ഈ നടപടിയെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചു. 2024-25 ല്‍ ഉല്‍പ്പാദനം ഉയര്‍ന്നതിനാല്‍ ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എന്നിവയെല്ലാം താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ കഴിയും എന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി എന്നിവയുടെ വില ഈ മണ്‍സൂണ്‍ സീസണില്‍ നിയന്ത്രണത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ജൂലൈ അവസാനം മുതല്‍ വടക്കന്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലുണ്ടായ കനത്ത മഴയുടെ ഫലമായി ഡല്‍ഹിയില്‍ തക്കാളി വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ദീര്‍ഘകാല വിതരണ പ്രശ്നമല്ലെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഹ്രസ്വകാല വിലയിലെ ചാഞ്ചാട്ടം ലഘൂകരിക്കുന്നതിനായി ഓഗസ്റ്റ് 4 മുതല്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആസാദ്പൂര്‍ മണ്ടിയില്‍ നിന്ന് തക്കാളി സംഭരണം ആരംഭിച്ചിട്ടുണ്ട്.