/kalakaumudi/media/media_files/2026/01/21/phone-2026-01-21-08-52-11.jpg)
മുംബൈ: രാജ്യത്തെ ജനപ്രിയ പേയ്മെന്റ് ആപ്ലിക്കേഷനായ ഫോണ്‍പേയ്ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റിംഗിന് അനുമതി ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഫോണ്‍പേ രഹസ്യാത്മക രീതിയില്‍ സെബിക്ക് അപേക്ഷ നല്കിയത്.
വാള്‍മാര്‍ട്ട്, മൈക്രോസോഫ്റ്റ്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയവര്‍ ഐപിഒയിലൂടെ അവരുടെ നിക്ഷേപം കുറയ്ക്കുമെന്നാണ് സൂചന. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലെ (യുപിഐ) ഇടപാടുകളില്‍ 45 ശതമാനം ഫോണ്‍പേയ്ക്ക് സ്വന്തമാണ്.
ഓഹരി വില്പനയിലൂടെ 12,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് സൂചന. നിലവിലെ ഓഹരിയുടമകളുടെ വിഹിതം വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലിനാകും (offer for sale) ഐപിഒയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയെന്നാണ് സൂചന.
സമാനരംഗത്ത് പ്രവര്‍ത്തിക്കുന്ന പേയ്ടിഎം (paytm) 2021ല്‍ ഐപിഒയിലൂടെ സമാഹരിച്ചത് 18,000 കോടി രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഫോണ്‍പേയുടെ ഐപിഒ സൈസ് ചെറുതാണ്.
യുപിഐയുടെ ഇടപാടുകളില്‍ രാജ്യം വലിയ മുന്നേറ്റം നടത്തിയപ്പോള്‍ അതിനൊപ്പം വളരാന്‍ ഫോണ്‍പേയ്ക്ക് സാധിച്ചിരുന്നു. മുഖ്യ എതിരാളിയായ ഗൂഗിള്‍പേയുടെ വിപണിവിഹിതം 35 ശതമാനമാണ്. പോണ്‍പേയുടേത് 45 ശതമാനവും. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളുടെ 85 ശതമാനവും യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയാണ്.
12 ലക്ഷം കോടി രൂപയുടെ 10 ബില്യണ്‍ ഇടപാടുകളാണ് ഫോണ്‍പേയിലൂടെ ഓരോ മാസവും നടക്കുന്നത്. കൊട്ടക് മഹീന്ദ്ര, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നിവരാണ് ഫോണ്‍പേ ഐപിഒയുടെ ഉപദേശകര്‍.
2024-25 സാമ്പത്തികവര്‍ഷം ഫോണ്‍പേയ്ക്ക് നഷ്ടത്തില്‍ നേരിയ കുറവ് വരുത്താന്‍ കുറച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 1,996 കോടി രൂപയില്‍ നിന്ന് നഷ്ടം 1,720 കോടി രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനം 40 ശതമാനം ഉയര്‍ന്ന് 7,115 കോടി രൂപയായി. 5,064 കോടി രൂപയില്‍ നിന്നാണ് വരുമാന വര്‍ധന. 2016 ഓഗസ്റ്റിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായി ഫോണ്‍പേ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
