/kalakaumudi/media/media_files/2026/01/01/modi-nir-2026-01-01-08-07-20.jpg)
ന്യൂഡല്‍ഹി: 2025ലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ പുതിയ വര്‍ഷത്തിലും തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം രാജ്യത്തെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇതിന്റെ സൂചന നല്‍കി.
രാജ്യത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് സഹായിക്കുന്ന രീതിയില്‍ എല്ലാ മേഖലകളിലും സമഗ്രമായ മാറ്റമുണ്ടാകുമെന്നും മോദി പറഞ്ഞു. കേന്ദ്രബജറ്റില്‍ ഊന്നല്‍ കൊടുക്കേണ്ട വിഷയങ്ങളെപ്പറ്റിയുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യയെ വികസിത രാജ്യമാക്കണമെന്ന ലക്ഷ്യത്തോടെയായിരിക്കും ബജറ്റ് തയാറാക്കുകയെന്നും മോദി പറഞ്ഞു. ഇന്ത്യയ്ക്ക് രാജ്യാന്തര ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ലോകം പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയുമാണ് നമ്മളെ കാണുന്നത്. നിരവധി മേഖലകളില്‍ മാറ്റമുണ്ടാക്കിയ വര്‍ഷമാണ് 2025. രാജ്യത്തിന്റെ വളര്‍ച്ചയില്‍ പുതിയ വേഗത നല്‍കാന്‍ ഈ മാറ്റങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വികസിത ഭാരതം സൃഷ്ടിക്കുന്നതില്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു.
വരും സര്‍പ്രൈസ്സാധാരണക്കാരുടെ സമ്പാദ്യ ശീലം മെച്ചപ്പെടുത്താന്‍ നികുതി ഇളവുകള്‍ നല്‍കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ മേഖലയെ ശക്തിപ്പെടുത്താന്‍ ഡാറ്റ സെന്റര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് മേഖലകളില്‍ നയപരമായ പിന്തുണയുണ്ടാകണം. സേവന മേഖലയിലെ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള തീരുമാനങ്ങളും വേണം. രാജ്യാന്തര വ്യാപാര തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വരുമാന സാധ്യതയുള്ള ഡിജിറ്റല്‍, സാമ്പത്തിക സേവനങ്ങളിലും ടൂറിസം മേഖലയിലും ഊന്നല്‍ വേണം. ഇതിനായി നിലവിലെ സ്വതന്ത്ര വ്യാപാര കരാറുകള്‍ പ്രയോജനപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അപൂര്‍വ മൂലകങ്ങളെ ചില രാജ്യങ്ങള്‍ ആയുധമാക്കുന്നത് തടയാന്‍ ഇന്ത്യ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തത നേടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. നിലവിലെ രാജ്യാന്തര സാമ്പത്തിക വെല്ലുവിളികളും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ അധിക നികുതികളും കണക്കിലെടുത്ത് ഇന്ത്യയുടെ കയറ്റുമതി വിപണി ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കയറ്റുമതി മേഖലയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുമെന്നാണ് വിവരം. രാജ്യത്തെ വിദേശ നിക്ഷേപം കുറയുന്നത് തടയാനുള്ള പ്രഖ്യാപനങ്ങളും വിപണി പ്രതീക്ഷിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
