/kalakaumudi/media/media_files/2025/08/15/modi-2025-08-15-12-24-15.jpg)
ന്യൂഡല്‍ഹി: ദീപാവലിയോടെ ജിഎസ്ടിയില്‍ വന്‍ പരിഷ്‌കാരം നടപ്പാക്കുമെന്നും നിത്യോപയോഗ സാധനങ്ങളുടെ നികുതിഭാരം വെട്ടിക്കുറയ്ക്കുെമന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരും (എംഎസ്എംഇ) നേരിടുന്ന നികുതി ബാധ്യതകള്‍ കുറയ്ക്കും. 'വലിയ സര്‍പ്രൈസ്' ആണ് ദീപാവലി ആഘോഷവേളയില്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 9ന് ആണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ജിഎസ്ടി കൗണ്‍സിലിന്റെ യോഗം. നിലവില്‍ 5%, 12%, 18%, 28% എന്നീ നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇതില്‍ 12 ശതമാനം സ്ലാബ് ഒഴിവാക്കാന്‍ നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പച്ചക്കൊടി വീശിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ആഭ്യന്തരമന്ത്രി അമിത് ഷായും ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യമുള്ളതിനാലാണ് ധനമന്ത്രാലയത്തെ മറികടന്ന് അമിത് ഷാ തന്നെ നേരിട്ട് ചര്‍ച്ചകളിലേക്ക് കടന്നത്.
വഴിവച്ചത് അമിത് ഷായുടെ ഇടപെടല്‍
വിഷയത്തില്‍ അമിത് ഷാ നേരിട്ട് ഇടപെട്ടതോടെ, ജിഎസ്ടിയില്‍ സമഗ്രമായ പൊളിച്ചുപണി ഉണ്ടായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. നികുതിയിളവ് പ്രതീക്ഷിക്കാമെന്ന് മോദി പറഞ്ഞതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം കൂടിയാവുകയാണ്. 12% സ്ലാബിലുള്ള നിത്യോപയോഗ വസ്തുക്കളെയും സേവനങ്ങളെയും 5 ശതമാനം സ്ലാബിലേക്ക് മാറ്റാനാണ് സാധ്യത. അതോടെ അവയുടെ വിലയും കുറയും. ഇതുവഴി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കൂടി 80,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്. എങ്കിലും സ്ലാബ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ നീക്കം.
20 ലിറ്ററിന്റെ കുടിവെള്ള ബോട്ടില്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, ശീതീകരിച്ച പച്ചക്കറികള്‍, ജാം, ഫ്രൂട് ജ്യൂസ്, കറി പേസ്റ്റ്, ചെരിപ്പ്, കുട, സൈക്കിള്‍, പെന്‍സില്‍, ടൂത്ത് പേസ്റ്റ്, വിമാനയാത്ര, ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍, ഹോട്ടല്‍ മുറി വാടക തുടങ്ങിയ ഉല്‍പന്ന/സേവനങ്ങള്‍ക്ക് വിലകുറയാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.
എണ്ണയിലും ആത്മനിര്‍ഭര്‍; കര്‍ഷകരെ സംരക്ഷിക്കും
ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് മുന്തിയപങ്കും ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്രൂഡ് ഓയില്‍ വാങ്ങാനാണ്. ഇന്ത്യയില്‍തന്നെ ജെറ്റ് എന്‍ജിനുകള്‍ നിര്‍മിക്കും. സോളര്‍ പാനലും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളും വിദേശ ആശ്രയത്വമില്ലാതെ ഇവിടെതന്നെ വികസിപ്പിക്കും. ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കുന്നതും കുറയ്ക്കുമെന്ന് മോദി പറഞ്ഞു.
ട്രംപ് ഇന്ത്യയ്ക്കുമേല്‍ 50% തീരുവ പ്രഖ്യാപിക്കുകയും റഷ്യ-യുക്രെയ്ന്‍ സമാധാന ഉടമ്പടി നടപ്പായില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ തീരുവ ഇനിയും കൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് മോദിയുടെ പരോക്ഷ മറുപടി. എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 'സമുദ്ര മന്‍ഥന്‍' എന്ന പേരില്‍ ഇന്ത്യയില്‍ എണ്ണ, വാതക പര്യവേക്ഷണം ഊര്‍ജിതമാക്കുമെന്നും മോദി പറഞ്ഞു.
രാജ്യത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യം സംരക്ഷിക്കുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികള്‍ തുറന്നുകിട്ടണമെന്ന ട്രംപിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ വ്യാപാര ചര്‍ച്ചകളില്‍ അംഗീകരിച്ചിരുന്നില്ല. സിന്ധൂനദീ ജല കരാര്‍ അന്യായവും ഏകപക്ഷീയവുമാണെന്ന് വ്യക്തമാക്കിയ മോദി, ഇന്ത്യയുടെ ജലം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്ന് പാക്കിസ്ഥാനുള്ള പരോക്ഷ മറുപടിയായും പറഞ്ഞു. ''വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല. നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് ദാഹിക്കുമ്പോള്‍ വെള്ളം ശത്രുരാജ്യത്തിന് കൊടുക്കാനാവില്ല'', മോദി വ്യക്തമാക്കി.