ഗൂഗിള്‍ ഇന്ത്യയെ ഇനി പ്രീതി ലൊബാന നയിക്കും

സഞ്ജയ് ഗുപ്തയുടെ പിന്‍ഗാമി ആയാണ് പ്രീതിയുടെ നിയമനം. ഇടക്കാല മേധാവി റോമ ദത്ത ചോബെയെ മാറ്റിയാണ് എട്ടു വര്‍ഷമായി ഗൂഗിളില്‍ തുടരുന്ന പ്രീതിയെ നിയമിച്ചത്.

author-image
Prana
New Update
preeti lobana

ഗൂഗിള്‍ ഇന്ത്യയുടെ പുതിയ മാനേജറായും വൈസ് പ്രസിഡന്റായും പ്രീതി ലോബാനയെ നിയമിച്ചു. ഈ വര്‍ഷമാദ്യം ഏഷ്യാപസഫിക് മേഖലയുടെ പ്രസിഡന്റായി പ്രമോഷന്‍ ലഭിച്ച സഞ്ജയ് ഗുപ്തയുടെ പിന്‍ഗാമി ആയാണ് പ്രീതിയുടെ നിയമനം. ഇടക്കാല മേധാവി റോമ ദത്ത ചോബെയെ മാറ്റിയാണ് എട്ടു വര്‍ഷമായി ഗൂഗിളില്‍ തുടരുന്ന പ്രീതിയെ നിയമിച്ചത്. മുമ്പ് ജിടെക്  പ്രോസസ്, പാര്‍ട്ണര്‍, പ്രസാധക പ്രവര്‍ത്തനങ്ങള്‍, പരസ്യ ഉള്ളടക്കം, ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗൂഗിള്‍ ഇന്ത്യയുടെ വില്‍പ്പനയും പ്രവര്‍ത്തനവും ഇനി ലോബാന മേല്‍നോട്ടം വഹിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോസിസ്റ്റവുമായുള്ള ഗൂഗിളിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തുകയായിരിക്കും പ്രീതിയുടെ പ്രധാന ചുമതലയെന്നും കമ്പനി പറയുന്നു. കൂടാതെ, ഗൂഗിള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ നേറ്റീവ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായി തുടരുന്ന റോമ ദത്ത ചോബെയുമായി സഹകരിക്കും. ഇകൊമേഴ്‌സ്, ഫിന്‍ടെക്, ഗെയിമിംഗ്, മീഡിയ തുടങ്ങിയ മേഖലകളിലെ നവീകരണത്തെ ത്വരിതപ്പെടുത്തുകയാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്.
നാറ്റ്‌വെസ്റ്റ് ഗ്രൂപ്പിലെ ഗ്ലോബല്‍ ഫിനാന്‍സ് സര്‍വീസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും മേധാവി, അമേരിക്കന്‍ എക്‌സ്പ്രസിലെ ഗ്ലോബല്‍ ബിസിനസ് സേവനങ്ങളുടെ വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലെ ബാങ്കിംഗ് സേവനങ്ങളുടെ മേധാവി, എഇസഡ്എന്‍ ഗ്രിന്‍ഡ്‌ലേയ്‌സ് ബാങ്കിലെ വ്യക്തിഗത വായ്പാ മേധാവി എന്നീ നിലകളിലും പ്രീതി പ്രവര്‍ത്തിച്ചിരുന്നു. 30 വര്‍ഷത്തിലധികം നീണ്ട തന്റെ കരിയര്‍ കാലയളവില്‍ നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് പ്രീതി.

google Preeti india lead