കൊച്ചി: ജീവനക്കാരുടെ വലിയതോതിലുള്ള കൊഴിഞ്ഞുപോക്ക് രാജ്യത്തെ സ്വകാര്യ ബാങ്കിംഗ് മേഖലയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. സ്വകാര്യ ബാങ്കുകള്‍, സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ എന്നിവയില്‍ ജോലി പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ 25 ശതമാനമായാണ് ഉയര്‍ന്നത്.
സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനക്ഷമതയെ ഈ പ്രവര്‍ണത പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ 'ട്രെന്‍ഡ്‌സ് ആന്‍ഡ് പ്രോഗ്രസ് ഒഫ് ബാങ്കിംഗ് ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരം കുറയാനും ബാങ്കുകളുടെ പ്രവര്‍ത്തന വൈദഗ്ദ്ധ്യം നഷ്ടമാകാനും റിക്രൂട്ട്മെന്റ് ചെലവ് കൂടാനും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കാരണമാകും. ജീവനക്കാരെ നിലനിറുത്താന്‍ ശക്തമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.