ഉല്‍പാദന ശേഷി ഉയര്‍ത്താന്‍ ഒരുങ്ങി ഇന്ത്യന്‍ കാര്‍ കമ്പനികള്‍

ആഭ്യന്തര മേഖലയില്‍ 93 ശതമാനം വിപണി വിഹിതമുള്ള ഒന്‍പത് മുന്‍നിര കമ്പനികള്‍ ചേര്‍ന്ന് പ്രതിവര്‍ഷം മുപ്പത് ലക്ഷം കാറുകളുടെ ഉത്പാദനം സാദ്ധ്യമാക്കുന്ന വിധത്തിലുള്ള നിക്ഷേപത്തിനാണ് തയ്യാറെടുക്കുന്നത്.

author-image
anumol ps
New Update
car sale

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: അധിക നിക്ഷേപത്തോടെ ഉല്‍പാദന ശേഷി ഉയര്‍ത്താന്‍ ഒരുങ്ങി ഇന്ത്യന്‍ കാര്‍ കമ്പനികള്‍. ആഭ്യന്തര വിപണിയിലെ മികച്ച വളര്‍ച്ച കണക്കിലെടുത്താണിത്. ആഭ്യന്തര മേഖലയില്‍ 93 ശതമാനം വിപണി വിഹിതമുള്ള ഒന്‍പത് മുന്‍നിര കമ്പനികള്‍ ചേര്‍ന്ന് പ്രതിവര്‍ഷം മുപ്പത് ലക്ഷം കാറുകളുടെ ഉത്പാദനം സാദ്ധ്യമാക്കുന്ന വിധത്തിലുള്ള നിക്ഷേപത്തിനാണ് തയ്യാറെടുക്കുന്നത്. നിലവില്‍ ഈ കമ്പനികള്‍ പ്രതിവര്‍ഷം 57.7 ലക്ഷം കാറുകളാണ് നിര്‍മ്മിക്കുന്നത്. പുതിയ ഫാക്ടറികള്‍ ആരംഭിച്ചും നിലവിലുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും കാര്‍ നിര്‍മ്മാണ ശേഷിയില്‍ 52 ശതമാനം വര്‍ദ്ധന നേടാനാണ് പദ്ധതി. പുതിയ വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ മൊത്തം കാര്‍ നിര്‍മ്മാണ ശേഷി പ്രതിവര്‍ഷം 87.5 ലക്ഷം യൂണിറ്റുകളായി ഉയരും. ഹൈഡ്രോകാര്‍ബണുകളില്‍ ഓടുന്ന കാറുകള്‍ക്കൊപ്പം ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണത്തില്‍ വലിയ വളര്‍ച്ച ലക്ഷ്യമിടുന്നത്.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോര്‍, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ മോട്ടോഴ്‌സ്, ടൊയോട്ട കിര്‍ലോസ്‌കര്‍, ഹോണ്ട കാര്‍സ്, സ്‌കോഡ, വോക്സ്വാഗന്‍. എം. ജി മോട്ടോഴ്‌സ് എന്നീ കമ്പനികളെല്ലാം ഇന്ത്യയില്‍ ഉത്പാദനം ഗണ്യമായി ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രമുഖ കമ്പനികളെല്ലാം ചേര്‍ന്ന് 42 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്. 2035ല്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ കാര്‍ വില്‍പ്പന 82 ലക്ഷം യൂണിറ്റുകളായി ഉയരുമെന്നാണ് പ്രമുഖ ഗവേഷണ സ്ഥാപനമായ എസ് ആന്‍ഡ് പി വിലയിരുത്തുന്നത്. അമേരിക്ക, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായി ഇന്ത്യ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മാറുമെന്നുമാണ് വിലയിരുത്തല്‍.

indian car companies