പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തെ അവസാന പാദമായ ജനുവരി-മാർച്ചിൽ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത്കെയറിന്റെ വരുമാനത്തിൽ വർധനവ് രേഖപ്പെടുത്തി. കമ്പനിയുടെ നാലാം പാദത്തിലെ വരുമാനം 977.67 കോടി രൂപയായി വർധിച്ചു. മുൻ വർഷം ഇത് 822.23 കോടി രൂപയായിരുന്നു. 18.9 ശതമാനമാണ് വർധനവ്. ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 963.87 കോടി രൂപയായിരുന്നു.
അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ കമ്പനിയ്ക്ക് 2.17 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തെ സമാനപാദത്തിലെ 182.59 കോടി രൂപയുടെ ലാഭത്തിൽ നിന്നാണ് ആസ്റ്റർ കഴിഞ്ഞ പാദത്തിൽ നഷ്ടത്തിലേക്ക് വീണത്. ഡിസംബർ പാദത്തിൽ ലാഭം 209.22 കോടി രൂപയായിരുന്നു.
നികുതി ചെലവുകൾ ഉയർന്നതും ഗൾഫ് ബിസിനസ് വേർപെടുത്തലിനു ശേഷം പ്രവർത്തനം നിറുത്തിയത് വഴിയുണ്ടായ നഷ്ടവുമാണ് ലാഭത്തെ ബാധിച്ചത്. ഏപ്രിൽ മൂന്നിനാണ് ആസ്റ്റർ ഗൾഫ് ബിസിനസിനെ വേർപെടുത്തിയത്. വേർപെടുത്തലിനു ശേഷം ഗൾഫ് ബിസിനസ് പ്രവർത്തനം നിറുത്തിയതായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 3,723.75 കോടി രൂപയാണ്. 2022-23 സാമ്പത്തിക വർഷത്തെ 3,030.95 കോടി രൂപയേക്കാൾ 22 ശതമാനം വർധിച്ചു. ഇക്കാലയളവിൽ ലാഭം തൊട്ട് മുൻ വർഷത്തെ 475.49 കോടി രൂപയിൽ നിന്ന് 211.56 കോടി രൂപയായി കുറഞ്ഞു. 55.5 ശതമാനമാണ് ഇടിവ്.
2023-24 സാമ്പത്തിക വർഷത്തേക്ക് ഓഹരിയൊന്നിന് രണ്ട് രൂപ വീതം അന്തിമ ലാഭവിഹിതത്തിനും കമ്പനിയുടെ ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ വിഭാഗം മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വരുമാന വളർച്ചയോടെ 3,699 കോടി രൂപയായതായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും സ്ഥാപകനുമായ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. ഇക്കാലയളവിൽ 550 കിടക്കകൾ അധികമായി കൂട്ടിചേർത്തു. 2027 സാമ്പത്തിക വർഷത്തോടെ 1,700 കിടക്കകൾ കൂട്ടിചേർത്ത് മൊത്തം 6,500 ആക്കി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. പുതിയ ഹോസ്പിറ്റലുകൾ നിർമിക്കുന്നതിനൊപ്പം മറ്റ് ചില ഹോസ്പിറ്റിലുകളെ ഏറ്റെടുത്തു കൊണ്ടുമായിരിക്കും വിപുലീകരണമെന്നും ആസാദ് മൂപ്പൻ പറഞ്ഞു.