തിരുവല്ല: പുഷ്പഗിരി ആശുപത്രിയുടെ 66-ാമത് വാർഷികം ആഘോഷിച്ചു. ആരോഗ്യ രംഗത്ത് പുഷ്പഗിരി നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എസ്. ഐ. എ. എസ് പറഞ്ഞു. പുഷ്പഗിരി ആശുപത്രിയുടെ 66-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി പ്രസിഡന്റും തിരുവല്ലാ അതിരൂപതാ വികാരി ജനറാളുമായ മോൺ. ഐസക് പറപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ അഭി. സാമുവൽ മാർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്തമാക്കിയ തിരുവല്ലാ ഡി. വൈ. എസ്. പി. ശ്രീ. എസ്. അഷാദിനെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ വിദ്യാഭ്യാസ- ഗവേഷണ- കായിക - സാംസ്കാരിക - കലാരംഗത്ത് അന്തർദേശീയ- ദേശീയ - സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച പുഷ്പഗിരി സ്റ്റാഫ് അംഗങ്ങളെയും, അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ അനുമോദിച്ചു. പുഷ്പഗിരി സ്റ്റാഫ് അംഗങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായ നറുക്കെടുപ്പ് കൂപ്പണിന്റെ ഉദ്ഘാടനവും സമ്മേളനത്തിൽ വെച്ച് നടന്നു.
പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ. ഒ റവ. ഡോ. ബിജു പയ്യമ്പള്ളിൽ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ്, പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സന്തോഷ് എം. മാത്യൂസ്, തിരുവല്ല ഡി. വൈ. എസ്. പി. എസ്. അഷാദ്, തിരുവല്ല മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. ജിജി വട്ടശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.