ഫ്‌ലെക്‌സി ഷോ; തിയറ്ററിലിരിക്കുന്ന സമയത്തിന് മാത്രം പണം

'ഫ്‌ലെക്‌സി ഷോ' എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തില്‍ പ്രേക്ഷകന്‍ തിയറ്ററില്‍ ഇരിക്കുന്ന സമയം മാത്രം പരിഗണിച്ചായിരിക്കും ടിക്കറ്റ് നിരക്ക്.

author-image
Athira Kalarikkal
New Update
pvr

Representational Image

ന്യൂഡല്‍ഹി: തിയറ്ററില്‍ പോയി സിനിമ ഇഷ്ടപ്പെടാതെ ഇടയ്ക്ക് ഇറങ്ങിപ്പോയാല്‍ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന സങ്കടം ഇനി വേണ്ട, സിനിമ കാണാന്‍ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം പിവിആര്‍ ഐനോക്‌സ് അവതരിപ്പിച്ചു. 'ഫ്‌ലെക്‌സി ഷോ' എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തില്‍ പ്രേക്ഷകന്‍ തിയറ്ററില്‍ ഇരിക്കുന്ന സമയം മാത്രം പരിഗണിച്ചായിരിക്കും ടിക്കറ്റ് നിരക്ക്. നിലവില്‍ ഡല്‍ഹിയിലെയും ഗുഡ്ഗാവിലെയും 40 തിയറ്ററുകളിലാണ് ആദ്യഘട്ടത്തില്‍ 'ഫ്‌ലെക്‌സി ഷോ' പിവിആര്‍ പരീക്ഷിക്കുന്നത്.

സാധാരണ ടിക്കറ്റിനെക്കാള്‍ 10% അധിക ചാര്‍ജാണ് ഫ്‌ലെക്‌സി ടിക്കറ്റിന് ഈടാക്കുക. തുടര്‍ന്ന് എത്ര നേരം പ്രേക്ഷകന്‍ തിയറ്ററിലുണ്ടായിരുന്നു എന്ന് കണക്കാക്കി ബാക്കി തുക റീഫണ്ട് ലഭിക്കും. സിനിമയുടെ ആകെ ദൈര്‍ഘ്യത്തിന്റെ 75 ശതമാനത്തില്‍ അധികം ബാക്കിയുള്ളപ്പോഴാണ് പുറത്ത് പോകുന്നതെങ്കില്‍ ടിക്കറ്റ് തുകയുടെ 60% തിരികെ ലഭിക്കും.

50 മുതല്‍ 75% വരെ ബാക്കിയുള്ളപ്പോള്‍ ഇറങ്ങിയാല്‍ 50% തുകയും 25%-50% വരെ ബാക്കിയുണ്ടെങ്കില്‍ 30% ടിക്കറ്റു തുകയും തിരികെ ലഭിക്കും. തിയറ്ററിനുള്ളിലെ ഓരോ സീറ്റുകളും മോണിറ്റര്‍ ചെയ്യുന്ന എഐ ക്യാമറകള്‍ ഉപയോഗിച്ചാണ് പ്രേക്ഷകന്‍ സീറ്റിലുണ്ടോ എന്ന് തീരുമാനിക്കുന്നത്. തിയറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ ബോക്‌സ് ഓഫിസ് കൗണ്ടറിലെത്തി ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് റീഫണ്ട് കൈപ്പറ്റാം. 

 

pvr cinemas Business News