/kalakaumudi/media/media_files/2025/02/05/sKhn8g9nLwb0wtoh1OoD.jpg)
Shantanu Naidu
മുംബൈ: ഇന്ത്യന്‍ വ്യവസായ ലോകത്തെ വന്‍മതില്‍, വിട പറഞ്ഞ രത്തന്‍ ടാറ്റയുടെ അടുത്ത സുഹൃത്തെന്ന പേരില്‍ പ്രശസ്തനായ വ്യക്തിയാണ് ശന്തനു നായിഡു. രത്തന്റെ അന്ത്യയാത്രയില്‍ വെള്ളവസ്ത്രമണിഞ്ഞ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു ശന്തനു. ഇപ്പോഴിതാ ടാറ്റയില്‍ പുതിയ പദവിയിലെത്തിയ കാര്യം ലിങ്ക്ഡ്ഇനിലൂടെ അറിയിച്ചിരിക്കുകയാണ് ശന്തനു.
ടാറ്റ മോട്ടോഴ്‌സില്‍ ജനറല്‍ മാനേജരും സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്‌സിന്റെ തലവനുമായാണ് ശന്തനുവിന്റെ നിയമനം. തന്റെ പിതാവ് ടാറ്റ മോട്ടോഴ്‌സ് പ്ലാന്റില്‍ നിന്ന് വെള്ള ഷര്‍ട്ടും നേവി പാന്റും ധരിച്ച് വീട്ടിലേക്ക് നടന്നുപോകുന്നത് താന്‍ ഓര്‍ക്കുന്നുവെന്നും, താന്‍ ജനാലയ്ക്കരികില്‍ അദ്ദേഹത്തിനായി കാത്തിരിക്കുമായിരുന്നുവെന്നും ഇപ്പോഴിതാ താനും ടാറ്റ മോട്ടോഴ്‌സിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും ശന്തനു കുറിച്ചു.
2018 ല്‍, ആണ് ശന്തനു രത്തന്‍ ടാറ്റയുടെ സഹായിയായി ജോലി ചെയ്യാന്‍ തുടങ്ങിയത്. അവരുടെ അടുത്ത സൗഹൃദം വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. രത്തന്‍ ടാറ്റയുടെ കടുത്ത നായ പ്രേമമാണ് ഇരുവരേയും പരസ്പരം കണ്ടുമുട്ടുന്നതിലേക്ക് നയിച്ചത്. അദ്ദേഹത്തിന് ഒരിക്കല്‍ ടാറ്റ എല്‍ക്‌സിയിലെ ഒരു ഡിസൈന്‍ എഞ്ചിനീയറില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. തെരുവ് നായ്ക്കള്‍ വാഹനമിടിച്ച് ചാകുന്നത് തടയാന്‍ കോളര്‍ നിര്‍മിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു ആ കത്തിലുണ്ടായിരുന്നത്.
ശന്തനു നായിഡുവായിരുന്നു ആ എഞ്ചിനീയര്‍. ഈ സൗഹൃദം ഒടുവില്‍ മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള നായിഡുവിന്റെ സ്റ്റാര്‍ട്ടപ്പായ ഗുഡ്‌ഫെല്ലോസില്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തുന്നതിലേക്കും നയിച്ചു.
ശന്തനു നായിഡുവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ടാറ്റ തന്റെ വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. നായിഡുവിന്റെ സംരംഭമായ ഗുഡ്‌ഫെല്ലോസിലെ തന്റെ ഓഹരി രത്തന്‍ ടാറ്റ ഉപേക്ഷിച്ചു. കൂടാതെ ശന്തനുവിന്റെ വിദേശ വിദ്യാഭ്യാസ ചെലവുകള്‍ ഒഴിവാക്കുകയും ചെയ്തു. ശന്തനു നായിഡുവിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, അദ്ദേഹം 2014 ല്‍ സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി, 2016 ല്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി.