മുംബൈ: കര്‍ഷകര്‍ക്ക് ഈടില്ലാതെ നല്‍കുന്ന വായ്പയുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. 1.6 ലക്ഷമുണ്ടായിരുന്ന വായ്പാ പരിധി 2 ലക്ഷമായി ഉയര്‍ത്തി. ഉത്പാദന ചെലവിലെ ഗണ്യമായ വര്‍ദ്ധന കണക്കിലെടുത്ത് ജനുവരി ഒന്ന് മുതല്‍ പുതിയ വായ്പകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.
ഇന്ത്യയിലെ 86 ശതമാനം ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കാര്‍ഷിക, കാര്‍ഷികാനുബന്ധ മേഖലകള്‍ക്ക് നല്‍കുന്ന വായ്പകളിലെ ഈട് നിബന്ധന ഒഴിവാക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. കാര്‍ഷിക വായ്പയിലെ പുതിയ നിബന്ധനകള്‍ സുഗമമായി നടപ്പിലാക്കുന്നതിനൊപ്പം വായ്പാ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി പ്രചരിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്ക്(കെ.സി.സി) അതിവേഗത്തില്‍ മൂന്ന് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയില്‍ വായ്പ നല്‍കുന്ന സ്‌കീമിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ പുതിയ നടപടി സഹായകമാകും. ജനുവരി ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ ഈടില്ലാതെയും അധികമുള്ള വായ്പ തുകയ്ക്ക് മാത്രം കര്‍ഷകര്‍ ഭൂമിയോ സ്വര്‍ണമോ ഈടായി നല്‍കിയാല്‍ മതിയാകും.