'റീകോഡ് കേരളാ 2025' വികസന സെമിനാര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനം രൂപീകരിച്ച് 75 വര്‍ഷങ്ങള്‍ തികയുന്ന 2031 ആവുമ്പോഴേക്കും അവിസ്മരണീയമായ പുരോഗതി സൃഷ്ടിക്കാനായി നടത്തിവരുന്ന 'വിഷന്‍ 2031' പരമ്പരയുടെ ഭാഗമായാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്

author-image
Biju
New Update
recode

കൊച്ചി: ലോകം ഉറ്റുനോക്കുന്ന ഐടി ഹബ്ബായി കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിനുള്ള വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനും വിദഗ്ധാഭിപ്രായങ്ങള്‍ തേടാനും നടത്തുന്ന 'റീകോഡ് കേരളാ 2025' വികസന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനം രൂപീകരിച്ച് 75 വര്‍ഷങ്ങള്‍ തികയുന്ന 2031 ആവുമ്പോഴേക്കും അവിസ്മരണീയമായ പുരോഗതി സൃഷ്ടിക്കാനായി നടത്തിവരുന്ന 'വിഷന്‍ 2031' പരമ്പരയുടെ ഭാഗമായാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഉയര്‍ന്ന ജീവിത നിലവാരം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ശക്തമായ ഗവേഷണ അന്തരീക്ഷം എന്നിവ ഉപയോഗപ്പെടുത്തി ആഗോള നിലവാരത്തിലുള്ള ഒരു നൂതന ഡിജിറ്റല്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

നൂതനമായ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി കേരളത്തെ വാര്‍ത്തെടുക്കാനുള്ള സര്‍ക്കാര്‍ കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് ഈ ഡിജിറ്റല്‍ ഇക്കോസിസ്റ്റം. 2030-ഓടെ ഇന്ത്യയുടെ വൈജ്ഞാനിക വിപണി വിഹിതത്തിന്റെ പത്ത് ശതമാനം (50 ബില്യണ്‍ യുഎസ് ഡോളര്‍) നേടുക, ഐ.ടി-വിജ്ഞാന മേഖലകളില്‍ അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, 120 ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുക, 10 ലക്ഷം പൗരന്മാര്‍ക്ക് എഐ സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുക എന്നിവയാണ് വിഷന്‍ 2031-ലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇതിനായി കേരള ഫ്യൂച്ചര്‍ ടെക്‌നോളജി മിഷന്‍, കേരള സെമികോണ്‍ മിഷന്‍, കേരള എഐ മിഷന്‍, ദി ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍ എന്നീ നാല് സുപ്രധാന മിഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കും. സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രൈവറ്റ് ടെക് പാര്‍ക്ക് പ്രൊമോഷന്‍ പോളിസി ഉള്‍പ്പെടെയുള്ള നയങ്ങള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുമെന്ന് ഉറപ്പാണ്. ഇത്തരം വിഷയങ്ങളില്‍ ആഗോള തലത്തിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അടുത്തറിയാനുള്ള വേദിയായി  'റീകോഡ് കേരളാ 2025' മാറും.

ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായ 'ഐ ബൈ ഇന്‍ഫോപാര്‍ക്ക്' കോ-വര്‍ക്കിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സംരംഭം വഴി 550-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 48,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ തുടങ്ങുന്ന സംരംഭത്തില്‍ പ്രമുഖ കമ്പനിയായ 'സോഹോ' പ്രവര്‍ത്തനം ആരംഭിക്കുന്നതും ശ്രദ്ധേയമാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിത്.