/kalakaumudi/media/media_files/2025/09/21/img-20250921-wa0011-2025-09-21-19-56-05.jpg)
ഫോട്ടോനോട്ട് : രോഗം ഭേദമായി മടങ്ങുന്ന സാജിദ് ചികിത്സിച്ച ഡോക്ടമാർക്കും, നഴ്സുമാർക്കും ഒപ്പം. രാജഗിരി പീഡിയാട്രിക് ഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ്, പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. നിഖിത റഫീഖ് എന്നിവർ സമീപം.
കൊച്ചി: ഗില്ലൻ ബാരി സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ച് ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ട ലക്ഷദ്വീപ് സ്വദേശിയായ സാജിദ് മുറാദി നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ. ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സാജിദിനെ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയിലൂടെ പൂർണ്ണമായും രോഗം ഭേദമായതോടെ ഈ പതിനാറുകാരനും കുടുംബവും നാട്ടിലേക്ക് മടങ്ങി.
രോഗം ജീവിതം തളർത്തിയപ്പോൾ
പതിവായി ഉറക്കമുണരാൻ വൈകിയതിനെ തുടർന്ന് സാജിദിന്റെ അമ്മ ലൈല വിളിച്ചപ്പോഴാണ് രോഗലക്ഷണങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞത്. ക്ഷീണം പിന്നീട് കാലുകളിലെ ബലഹീനതയിലേക്കും മരവിപ്പിലേക്കും നയിച്ചു. ഉടൻ തന്നെ ലക്ഷദ്വീപിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൊച്ചിയിലെത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. കൈകാലുകൾ തളർന്നു തുടങ്ങിയതോടെ എയർ ആംബുലൻസ് മാർഗമാണ് സാജിദിനെ കൊച്ചിയിൽ എത്തിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയുടെ നിർണ്ണായക ഘട്ടങ്ങൾ
രാജഗിരിയിൽ എത്തുമ്പോൾ വെന്റിലേറ്റർ സഹായത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു സാജിദ്. പീഡിയാട്രിക് ഐസിയുവിൽ ഡോ. സൗമ്യ മേരി തോമസ്, പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. ദർശൻ ജയറാം ദാസ്, ഡോ. നിഖിത റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് തുടർ ചികിത്സകൾ നടന്നത്. ശ്വസനപേശികളുടെ ബലക്കുറവ് കാരണം കൂടുതൽ കാലം വെന്റിലേറ്റർ പിന്തുണ ആവശ്യമായി വന്നതോടെ ഡോക്ടർമാർ ട്രക്കിയോസ്റ്റമി ചെയ്തു. 21 ദിവസത്തെ ഐസിയു ചികിത്സയ്ക്ക് ശേഷം റൂമിലേക്ക് മാറ്റുന്നതിന് മുൻപ് അഞ്ച് തവണ പ്ലാസ്മഫെറെസിസിനും സാജിദ് വിധേയനായി.
പോർട്ടബിൾ വെന്റിലേറ്ററിന്റെ സഹായത്തിൽ ഫിസിയോതെറാപ്പി ആരംഭിച്ചത് സാജിദിന്റെ തിരിച്ചുവരവിൽ നിർണ്ണായകമായി. ഡോ. രമ്യ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ഫിസിയോതെറാപ്പിയിലൂടെ സാജിദിന് ചലനശേഷി പൂർണ്ണമായും വീണ്ടെടുക്കാൻ സാധിച്ചു. 90% ചലനശേഷി നഷ്ടപ്പെട്ട് ആശുപത്രിയിലെത്തിയ സാജിദ് ഇന്ന് സ്വന്തമായി സംസാരിക്കാനും നടക്കാനും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും സാധിക്കുന്ന നിലയിലെത്തി. ഐസിയുവിലെ നഴ്സുമാരുടെ പരിചരണവും ഈ പോരാട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
എന്താണ് ഗില്ലൻ ബാരി സിൻഡ്രോം?
ശരീരത്തിന്റെ പ്രതിരോധ സംവിധാനം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ രോഗാവസ്ഥയാണ് ഗില്ലൻ ബാരി സിൻഡ്രോം. ഞരമ്പുകൾക്ക് സംഭവിക്കുന്ന ആഘാതം പേശീചലനത്തെ ഗുരുതരമായി ബാധിക്കും. പേശീബലക്കുറവ്, പേശീവേദന, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശ്വസനപേശികളെ ബാധിക്കുമ്പോൾ വെന്റിലേറ്റർ പിന്തുണ ആവശ്യമായി വന്നേക്കാം. രോഗം കണ്ടെത്തി ഉടൻ ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗമാണിതെന്ന് ഡോ. സൗമ്യ മേരി തോമസ് പറഞ്ഞു.
മകന്റെ ജീവൻ തിരികെ ലഭിച്ചത് ഒരു നാടിന്റെ പ്രാർത്ഥനയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് സാജിദിന്റെ മാതാപിതാക്കളായ ലൈലയും ശിഹാബുദ്ദീനും വികാരനിർഭരരായി പറഞ്ഞു. "നഷ്ടപ്പെട്ടെന്ന് കരുതിയതാ ഇവനെ...!" കിൽത്താൻ ദ്വീപിലെ കടൽത്തീരത്ത് കൂട്ടുകാർക്കൊപ്പം കളിക്കുന്ന മകനെ നോക്കി പിതാവ് ശിഹാബുദ്ദീൻ പറഞ്ഞു. സാജിദിന്റെ കളിച്ചിരികൾ അവന്റെ ജീവിതം പോലെ ഒരു പുതിയ തുടക്കത്തെ അടയാളപ്പെടുത്തുന്നു.