/kalakaumudi/media/media_files/2025/08/25/jun-2025-08-25-17-39-35.jpg)
ന്യൂഡല്‍ഹി: പണസമ്പാദനം ഉന്നമിടുന്ന ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ കേന്ദ്രം പുതിയ നിയമം അവതരിപ്പിച്ച് നിരോധിക്കുന്നതിന് ആഴ്ചകള്‍ക്കുമുന്‍പ് നസാറ ടെക്‌നോളജീസിലെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ച പ്രമുഖ ഓഹരി നിക്ഷേപക രേഖ ജുന്‍ജുന്‍വാലയുടെ നടപടി വന്‍ ചര്‍ച്ചയാകുന്നു. നസാറ ടെക്‌നോളജീസില്‍ തനിക്കുണ്ടായിരുന്ന 61.8 ലക്ഷം ഓഹരികളാണ് ഒന്നിന് 1,225 രൂപയ്ക്കുവീതം രേഖ ജൂണ്‍പാദത്തില്‍ വിറ്റഴിച്ചത്. ഇതുവഴി 334 കോടി രൂപയും നേടി.
ഇതിനുശേഷമാണ്, കഴിഞ്ഞവാരം കേന്ദ്രം ഓണ്‍ലൈന്‍ ഗെയിം നിരോധന ബില്‍ പാസാക്കിയത്. ഈ രംഗത്തെ കമ്പനികളെല്ലാം അതോടെ പണമിടപാടുള്ള ഗെയിമുകള്‍ നിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രം ബില്‍ കൊണ്ടുവരുന്ന വിവരം രേഖ ജുന്‍ജുന്‍വാല മുന്‍കൂട്ടി അറിഞ്ഞിരുന്നോയെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബില്‍ വരുന്നതിന് മുന്‍പേ ഓഹരികള്‍ വിറ്റൊഴിഞ്ഞതിനാല്‍, കനത്ത നഷ്ടം നേരിടുന്നതില്‍ നിന്നാണ് രേഖ 'രക്ഷപ്പെട്ടതും'.
രേഖയുടേത് 'ഇന്‍സൈഡര്‍ ട്രേഡിങ്' ആണെന്ന് വ്യക്തമാണെന്ന വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്രയും രംഗത്തെത്തി. അമേരിക്കയിലായിരുന്നെങ്കില്‍ ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ (എസ്ഇസി) ഇപ്പോഴേ രേഖയ്‌ക്കെതിരെ അന്വേഷണം തുടങ്ങുമായിരുന്നു. ഇവിടെ, ഇന്ത്യയില്‍ ഭക്തര്‍ കൈയടിക്കുകയും സെബി ഉറങ്ങുകയുമാണെന്ന് മഹുവ പരിഹസിച്ചു.
രേഖ ജുന്‍ജുന്‍വാല ഓഹരി പൂര്‍ണമായി വിറ്റഴിക്കുകയും പിന്നാലെ കേന്ദ്രത്തിന്റെ നിയമം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തില്‍ നസാറ ടെക്‌നോളജീസ് ഓഹരികള്‍ കനത്ത തകര്‍ച്ച നേരിട്ടിരുന്നു. ഇന്നും ഓഹരികള്‍ 11 ശതമാനത്തിലധികം ഇടിഞ്ഞ് 1,029 രൂപയിലാണ് ഉച്ചയ്ക്കത്തെ മുന്‍പുള്ള സെഷനില്‍ വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിവില 26% ഇടിഞ്ഞു. ഈ മാസം 13ന് കുറിച്ച 1,453 രൂപയായിരുന്നു നസാറ ടെക് ഓഹരികളുടെ 52-ആഴ്ചയിലെ ഉയരം. അതില്‍ നിന്നാണ് വന്‍ വീഴ്ച.
കിഡ്ഡോപിയ, ആനിമല്‍ ജാം, ഫ്യൂസ്‌ബോക്‌സ്, കര്‍വ് ഗെയിംസ്, വേള്‍ഡ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ ഗെയിമുകള്‍ അവതരിപ്പിച്ച കമ്പനിയാണ് നസാറ ടെക്‌നോളജീസ്. പോക്കര്‍ബാസിയുടെ മാതൃകമ്പനിയായ മൂണ്‍ഷൈന്‍ ടെക്‌നോളജീസില്‍ 47.7% ഓഹരി പങ്കാളിത്തവുമുണ്ട്. നസാറയുടെ വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതും പോക്കര്‍ബാസിയാണ്. അഡ്‌ടെക്, ഇ-സ്‌പോര്‍ട്‌സ് രംഗങ്ങളിലും സാന്നിധ്യമുള്ള നസാറയുടെ മൊത്ത വരുമാനത്തിന്റെ 48.1 ശതമാനവും ലഭിച്ചിരുന്നത് ഗെയിമിങ്ങില്‍ നിന്നായിരുന്നു.
കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതോടെ പോക്കര്‍ബാസി, ഡ്രീം11, മൈ11 സര്‍ക്കിള്‍, സൂപ്പി, എംപിഎല്‍, പ്രോബോ തുടങ്ങിയ കമ്പനികള്‍ പണമിടപാട് ഉപയോഗിച്ചുള്ള ഗെയിമുകള്‍ (റിയല്‍ മണി ഗെയിം) നിര്‍ത്തുന്നതായി അറിയിച്ചിരുന്നു. ഇവയുടെ വരുമാനത്തിന്റെ മുന്തിയപങ്കും ലഭിച്ചിരുന്ന റിയല്‍ മണി ഗെയിമുകള്‍ക്കാണ് കേന്ദ്രം പൂട്ടിട്ടത്. ഇതോടെ വരുമാനം നിലയ്ക്കുമെന്നതിനാല്‍ ഈ കമ്പനികള്‍ മറ്റ് ടെക്‌നോളജി, ധനകാര്യ സേവന രംഗങ്ങളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്.
ആരാണ് രേഖ ജുന്‍ജുന്‍വാല
പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയാണ് രേഖ. 'ഇന്ത്യയുടെ വാറന്‍ ബഫറ്റ്' എന്നാണ് രാകേഷ് അറിയപ്പെട്ടിരുന്നത്. തന്റെയും ഭാര്യയുടെയും പേരിന്റെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത് പേരിട്ടുകൊണ്ട് അദ്ദേഹം സ്ഥാപിച്ച നിക്ഷേപ കമ്പനിയാണ് റെയര്‍ എന്റര്‍പ്രൈസസ്. 2022ല്‍ അദ്ദേഹം അന്തരിച്ചതിനു പിന്നാലെ കമ്പനിയുടെ നിയന്ത്രണം രേഖ ഏറ്റെടുത്തു.
25ലേറെ കമ്പനികളുടെ ഓഹരികളിലായി മൊത്തം 41,000 കോടിയോളം രൂപയുടെ നിക്ഷേപം റെയര്‍ എന്റര്‍പ്രൈസസിന് നിലവിലുണ്ട്. മികച്ച ഓഹരികളെ കൃത്യമായി കണ്ടെത്തി നിക്ഷേപിക്കാനും ലാഭമെടുക്കാനും രാകേഷിനുണ്ടായിരുന്ന വൈദഗ്ധ്യം തനിക്കുംപകര്‍ന്നു ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ നിക്ഷേപകയുമാണ് രേഖ.
എന്താണ് ഇന്‍സൈഡര്‍ ട്രേഡിങ്?
കമ്പനിയില്‍ വലിയ ഓഹരി പങ്കാളിത്തമുള്ളവര്‍ക്കിടയില്‍തന്നെ നടക്കുന്ന ഓഹരി കൈമാറ്റമാണ് ഇന്‍സൈഡര്‍ ട്രേഡിങ്. ചില വേളകളില്‍ സുപ്രധാന വിവരങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി ഓഹരി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യാറുമുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഇതു വിമര്‍ശനങ്ങള്‍ക്കും ചിലപ്പോള്‍ അന്വേഷണങ്ങള്‍ക്കും ഇടവരുത്തുകയും ചെയ്യും.