/kalakaumudi/media/media_files/2025/10/07/anil-2025-10-07-14-47-26.jpg)
മുംബൈ: റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിക്കും കമ്പനികള്‍ക്കുംമേല്‍ കുരുക്ക് മുറുക്കാന്‍ വീണ്ടും ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നീക്കം.
സിഎല്‍ഇ പ്രൈവറ്റ് ലിമിറ്റഡ് (സിപിഎല്‍) എന്ന കമ്പനിയും റിലയന്‍സ് ഗ്രൂപ്പും തമ്മിലെ 6,503.13 കോടി രൂപയുടെ വായ്പാ ഇടപാട് സെബി ആക്ട്-1992, സെബി റഗുലേഷന്‍സ്-2003 എന്നിവയിലെ തട്ടിപ്പ് തടയല്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി റിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് സെബി കാരണംകാണിക്കല്‍ നോട്ടിസ് അയച്ചു.
നോട്ടിസ് ലഭിച്ചെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് അയച്ച കത്തില്‍ ഇരു കമ്പനികളും സമ്മതിക്കുകയും ചെയ്തു. അതേസമയം, സിപിഎല്ലുമായി കമ്പനിക്ക് വായ്പാ ഇടപാടുകളൊന്നുമില്ലെന്ന് റിലയന്‍സ് പവര്‍ വ്യക്തമാക്കി. സെബിയുടെ നോട്ടിസിന്മേല്‍ തുടര്‍നടപടിയെടുക്കുമെന്നും കമ്പനി അറിയിച്ചു. സിപിഎല്ലുമായുള്ള തര്‍ക്കങ്ങള്‍ എട്ടുമാസം മുന്‍പ് ബോംബെ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലൂടെ പരിഹരിച്ചതാണെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും പറഞ്ഞു. സെബിയുടെ നോട്ടിസിന്മേല്‍ തുടര്‍നടപടികളെടുക്കുമെന്നും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിപിഎല്ലുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തത്. ഇത് ഫെബ്രുവരി 9ന് കമ്പനി പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു. വായ്പ സംബന്ധിച്ച് കഴിഞ്ഞ 4 വര്‍ഷങ്ങളിലെ കമ്പനിയുടെ പ്രവര്‍ത്തനഫല സ്റ്റേറ്റ്‌മെന്റുകള്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നെന്നും കമ്പനി സൂചിപ്പിച്ചിരുന്നു. പണംതിരിമറി ആരോപണങ്ങളെല്ലാം റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും നിഷേധിച്ചിട്ടുമുണ്ട്.
വിവിധ ബാങ്കുകളില്‍ നിന്ന് അനധികൃതമായി വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന ആരോപണത്തിന്മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സിബിഐയും അന്വേഷണവല മുറുക്കുന്നതിന് പിന്നാലെയാണ് അനില്‍ അംബാനിക്കും കമ്പനികള്‍ക്കുംമേല്‍ സെബിയും നോട്ടിസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട 35 സ്ഥലങ്ങളിലായി 50ഓളം ഓഫിസുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
സെബിയുടെ കാരണംകാണിക്കല്‍ നോട്ടിസിന്റെ പശ്ചാത്തലത്തില്‍ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. റിലയന്‍സ് പവര്‍ 1.37% ഇടിഞ്ഞ് 44.79 രൂപയിലാണ് ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുന്നതിന് മുന്‍പുള്ളത്. ഇക്കഴിഞ്ഞ ജൂണില്‍ 76.49 രൂപയെന്ന 52-ആഴ്ചത്തെ ഉയരത്തിലെത്തിയ ഓഹരിവിലയാണ് ഇപ്പോള്‍ 45 രൂപയ്ക്ക് താഴെ എത്തിനില്‍ക്കുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ വ്യാപാരം ചെയ്യുന്നത് ഇന്ന് 3.14% ഇടിഞ്ഞ് 236 രൂപയില്‍. ഈ വര്‍ഷം ജൂണില്‍ ഓഹരിവില 52-ആഴ്ചത്തെ ഉയരമായ 425 രൂപയില്‍ എത്തിയിരുന്നു.