/kalakaumudi/media/media_files/2025/08/29/jio-2025-08-29-15-57-44.jpg)
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലെ ടെലികോം ബിസിനസ് വിഭാഗമായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) 2026ന്റെ ആദ്യപകുതിയില്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയ്ല്‍ എന്നിവയുടെ ഐപിഒ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായിരുന്നു.
റിലയന്‍സ് ജിയോയുടെ ഐപിഒ നിക്ഷേപകര്‍ക്ക് വലിയ അവസരമാകുമെന്ന് കരുതുന്നതായും മുകേഷ് അംബാനി പറഞ്ഞു. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു. യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണിതെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. 2024-25ല്‍ നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷം 64,170 കോടി രൂപയുടെ ലാഭം (എബിറ്റ്ഡ) നേടിയ സ്ഥാപനമാണ് ജിയോ. 1.28 ലക്ഷം കോടി രൂപയായിരുന്നു വരുമാനം.
2016ല്‍ ആയിരുന്നു ജിയോയുടെ തുടക്കം. ജിയോയുടെ പ്രവര്‍ത്തനം രാജ്യാന്തരതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
റിലയന്‍സ് ജിയോയുടെ ഐപിഒയിലൂടെ 52,200 കോടി രൂപയെങ്കിലും റിലയന്‍സ് ഉന്നമിട്ടേക്കുമെന്നാണ് സൂചനകള്‍. അതു നടന്നാല്‍ ഹ്യുണ്ടായ് ഇന്ത്യ സമാഹരിച്ച 28,000 കോടി രൂപയുടെ റെക്കോര്‍ഡ് ഐപിഒ പഴങ്കഥയാകും.
നിലവില്‍ ഗൂഗിള്‍ (ആല്‍ഫബെറ്റ്), മെറ്റ തുടങ്ങിയവയ്ക്ക് ജിയോയില്‍ ഓഹരി പങ്കാളിത്തമുണ്ട്. 2020ല്‍ ഇവ സംയോജിതമായി 1.7 ലക്ഷം കോടിയോളം രൂപ ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപിച്ചിരുന്നു. റിലയന്‍സിന്റെ ഡിജിറ്റല്‍, ടെലികോം വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഭാഗമാണ് ജിയോ പ്ലാറ്റ്‌ഫോംസ്.
ഐപിഒയില്‍ മെറ്റയും ആല്‍ഫബെറ്റും ഓഹരി പങ്കാളിത്തം വിറ്റൊഴിഞ്ഞേക്കും.
നിലവില്‍ 5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള സ്ഥാപനങ്ങള്‍ ഐപിഒ സംഘടിപ്പിക്കുമ്പോള്‍ മിനിമം 5% ഓഹരികള്‍ വിറ്റഴിക്കണമെന്നാണ് സെബിയുടെ ചട്ടം. ഇതുപ്രകാരമെങ്കില്‍ ജിയോയ്ക്ക് മിനിമം 52,500 കോടി രൂപ സമാഹരിക്കാനാകും.
അതേസമയം, ചട്ടം ഇളവ് ചെയ്ത് നിബന്ധന 2.5% ആക്കാനുള്ള നീക്കങ്ങള്‍ സെബി നടത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ സമാഹരണലക്ഷ്യം 26,000 കോടി രൂപയിലേക്ക് കുറയ്ക്കാനാകും.