എണ്ണ വിപണിയില്‍ വമ്പന്‍ ഏറ്റെടുക്കല്‍ നീക്കവുമായി റിലയന്‍സ്

ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ഏറ്റവുമധികം പമ്പുകളുള്ള എണ്ണക്കമ്പനിയാണ് നയാര. റോസ്‌നെഫ്റ്റില്‍ നിന്ന് ഓഹരികള്‍ സ്വന്തമാക്കുന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികളെ മറികടന്ന് റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണസംസ്‌കരണ കമ്പനിയായി മാറും

author-image
Biju
New Update
reADV

മുംബൈ: ബിസിനസ് രംഗത്ത് കുതിപ്പുതുടരുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ധനവിതരണരംഗവും കീഴടക്കാനൊരുങ്ങുന്നു.സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജിയുടെ ഓഹരികള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ റിലയന്‍സ് ഊര്‍ജിതമാക്കി. റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന്റെ കൈവശമുള്ള നയാരയുടെ 49.13% ഓഹരികളാകും റിലയന്‍സ് വാങ്ങുക.

ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ ഏറ്റവുമധികം പമ്പുകളുള്ള എണ്ണക്കമ്പനിയാണ് നയാര. റോസ്‌നെഫ്റ്റില്‍ നിന്ന് ഓഹരികള്‍ സ്വന്തമാക്കുന്നതോടെ പൊതുമേഖലാ എണ്ണക്കമ്പനികളെ മറികടന്ന് റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണസംസ്‌കരണ കമ്പനിയായി മാറും.

നയാരയുടെ 6,750 പമ്പുകളും റിലയന്‍സിന് സ്വന്തമാകുമെന്നതാണ് ശ്രദ്ധേയ നേട്ടം. നയാരയുടെ മറ്റ് ഓഹരി ഉടമകളായ യുസിപി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് (ഓഹരി പങ്കാളിത്തം 24.5%), ( ട്രഫിഗര  24.5%) എന്നിവയും ഓഹരികള്‍ വിറ്റൊഴിയാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷം 80.8 മില്യന്‍ ടണ്‍ എണ്ണ സംസ്‌കരണശേഷിയുമായി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണസംസ്‌കരണ കമ്പനി നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് (ഐഒസി). റിലയന്‍സിന് ഗുജറാത്തിലെ ജാംനഗര്‍ പ്ലാന്റിലുള്ളത് 68.2 മില്യന്‍ ടണ്‍ ശേഷി. നയാരയ്ക്ക് ഗുജറാത്തിലെ വാഡിനഗറില്‍ 20 മില്യന്‍ ടണ്ണിന്റെ പ്ലാന്റുണ്ട്. നയാരയുടെ ഓഹരികള്‍ നേടുന്നതോടെ ഇതിന്മേലുള്ള നിയന്ത്രണവും റിലയന്‍സിനു സ്വന്തമാകും. ഇന്ത്യയിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറി എന്ന നേട്ടവും ലഭിക്കും.

നിലവില്‍ റിലയന്‍സിന് ഇന്ത്യയിലുടനീളമായി 1,972 പമ്പുകളേയുള്ളൂ. നയാരയുടെ 6,750 പമ്പുകള്‍ ഓഹരി ഇടപാടിന്റെ ഭാഗമായി റിലയന്‍സിനു ലഭിച്ചേക്കും. രാജ്യത്താകെ 97,366 പെട്രോള്‍ പമ്പുകളാണുള്ളത്. ഇതില്‍ 90,000ലേറെയയും പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയുടെ കൈവശമാണ്.

mukesh ambani