/kalakaumudi/media/media_files/2025/08/17/kio-2025-08-17-14-41-57.jpg)
വാഷിങ്ടണ്‍: ജപ്പാനിലെ സുനാമിയെക്കുറിച്ചും അമേരിക്കയിലെ കാട്ടുതീയെക്കുറിച്ചുമൊക്കെയുള്ള പ്രവചങ്ങള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കരുണ്ട്. എന്നാല്‍ സാമ്പത്തിക രംഗത്തെ പ്രവചനം ഗൗരവത്തിലെടുത്തില്ലെങ്കില്‍ ലോകക്രമം തന്നെ മാറിമറിയുമെന്നുറപ്പാണ്. സാമ്പത്തിക ലോകത്ത് വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് പ്രശസ്ത പേഴ്‌സണല്‍ ഫിനാന്‍സ് എഴുത്തുകാരന്‍ റോബര്‍ട്ട് കിയോസാക്കി. 2008-09-ലെ സാമ്പത്തിക പ്രതിസന്ധി കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയ കിയോസാക്കി, ഓഹരി വിപണിയില്‍ ഒരു വലിയ തകര്‍ച്ച ഉണ്ടാകുമെന്ന സൂചനകളാണ് നല്‍കുന്നത്. ഈ മുന്നറിയിപ്പ്, അദ്ദേഹത്തിന്റെ പതിവ് ഉപദേശമായ സ്വര്‍ണം, വെള്ളി, ബിറ്റ്‌കോയിന്‍ എന്നിവയില്‍ നിക്ഷേപിക്കുക എന്നതിന് കൂടുതല്‍ ശക്തി നല്‍കുന്നു.
'റിച്ച് ഡാഡ് പുവര്‍ ഡാഡ്' എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിലൂടെ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കിയോസാക്കി. ''ഓഹരി വിപണി തകരാന്‍ പോകുന്നുവെന്ന് സൂചകങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് സ്വര്‍ണ്ണം, വെള്ളി, ബിറ്റ്‌കോയിന്‍ ഉടമകള്‍ക്ക് സന്തോഷവാര്‍ത്തയാണ്. എന്നാല്‍ 401സ വിരമിക്കല്‍ അക്കൗണ്ടുകളുള്ള ബേബി ബൂമര്‍മാര്‍ക്ക് ഇത് ഒരു ദുരന്തമാണ്. ശ്രദ്ധിക്കുക''- കിയോസാക്കി എക്‌സിലെ തന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ കുറിച്ചു.
ഇക്വിറ്റികളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക്, പ്രത്യേകിച്ച് 401 പോലുള്ള വിരമിക്കല്‍ അക്കൗണ്ടുകള്‍ക്ക് വലിയ നഷ്ടം സംഭവിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. ഉയര്‍ന്ന പലിശനിരക്ക്, സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം, അമേരിക്കയിലെ വര്‍ധിച്ചുവരുന്ന കടബാധ്യതകള്‍ എന്നിവ കാരണം ആഗോള വിപണികള്‍ അസ്ഥിരമായ ഈ സമയത്താണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ് വരുന്നത്.
പരമ്പരാഗത സാമ്പത്തിക നയങ്ങളുടെ ശക്തമായ വിമര്‍ശകനായ കിയോസാക്കി, പണപ്പെരുപ്പത്തില്‍ നിന്നും അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ചയില്‍ നിന്നും സ്വയം രക്ഷിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത് പതിവാണ്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഏകദേശം 40% വര്‍ദ്ധനവുണ്ടായി, 10 ഗ്രാമിന് ഒരു ലക്ഷം രൂപയോടടുത്ത വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വില 44% വര്‍ദ്ധിച്ചു. ബിറ്റ്‌കോയിന്‍ ആകട്ടെ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 111% കുതിച്ചുയര്‍ന്ന് 1,17,293 ഡോളറിലെത്തി.
ഏകദേശം 6,000 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ താന്‍ ബിറ്റ്‌കോയിന്‍ വാങ്ങാന്‍ തുടങ്ങിയെന്ന് കിയോസാക്കി വെളിപ്പെടുത്തി. ''കൂടുതല്‍ വ്യാജ പണം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ ബിറ്റ്‌കോയിന്‍ വാങ്ങിയേനെ'' എന്നും അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചു. ഇത് ഫിയറ്റ് കറന്‍സികളോടുള്ള (സര്‍ക്കാര്‍ നിയന്ത്രിത കറന്‍സി) അദ്ദേഹത്തിന്റെ അവിശ്വാസം വ്യക്തമാക്കുന്നു.
കിയോസാക്കിയുടെ അതിരുകടന്ന പ്രവചനങ്ങളെ പല മാര്‍ക്കറ്റ് വിദഗ്ദരും തള്ളിക്കളയാറുണ്ടെങ്കിലും, അദ്ദേഹത്തിന്റെ വാക്കുകള്‍ സാധാരണ നിക്ഷേപകര്‍ക്ക് ഒരുപോലെ ശ്രദ്ധ നല്‍കുന്നുണ്ട്. 2030-ഓടെ ബിറ്റ്‌കോയിന്റെ വില 10 ലക്ഷം ഡോളറിലെത്തുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. എന്നിരുന്നാലും, ഭാവിയില്‍ വിജയിക്കുന്നത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ആസ്തികള്‍ വാങ്ങിയവരല്ലെന്നും, മറിച്ച് ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ കൈവശം വയ്ക്കുന്നവരാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
പണപ്പെരുപ്പത്തില്‍ നിന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ സ്വര്‍ണ്ണം, വെള്ളി, ബിറ്റ്‌കോയിന്‍ തുടങ്ങിയ സുരക്ഷിത ആസ്തികളില്‍ നിക്ഷേപിക്കുക എന്ന അദ്ദേഹത്തിന്റെ ഉപദേശം, വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിക്ഷേപകര്‍ക്ക് ഒരു വഴികാട്ടിയായി നിലകൊള്ളുന്നു. പരമ്പരാഗത സാമ്പത്തിക സംവിധാനങ്ങളുടെ അപകടസാധ്യതകള്‍ മനസ്സിലാക്കി, വൈവിധ്യവല്‍ക്കരിച്ച നിക്ഷേപ തന്ത്രങ്ങള്‍ പിന്തുടരാന്‍ ഇത് ഓര്‍മ്മിപ്പിക്കുന്നു.