/kalakaumudi/media/media_files/2025/12/12/eiulksp20472-2025-12-12-12-01-07.jpg)
കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ. ആസ്റ്റർ ഡി.എം. ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് (LiNAC) സെന്ററുകൾ സ്ഥാപിക്കും. ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ 39-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഈ പദ്ധതിയുടെ ആദ്യ സെന്റർ വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ഗുഡലൂർ, ഗുഡൽപേട്ട് തുടങ്ങിയ പ്രദേശങ്ങളിലേയും മലബാർ മേഖലയിലെയും സാധാരണ ജനങ്ങൾക്ക് ആശ്വാസമാകുന്ന ഈ കേന്ദ്രം ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ചാണ് സ്ഥാപിക്കുന്നത്. ലീനിയർ ആക്സിലറേറ്ററുകളോടുകൂടിയ ഈ ആധുനിക റേഡിയേഷൻ തെറാപ്പി സെന്ററുകളിലൂടെ, കാൻസർ ചികിത്സാ ചെലവുകൾ താങ്ങാൻ കഴിയാത്തവർക്കും ചികിത്സ മുടങ്ങിയവർക്കും സൗജന്യമായും കുറഞ്ഞ നിരക്കിലും ഉന്നത നിലവാരമുള്ള ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുൾപ്പെടെ, നൂതന കാൻസർ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു. ഈ സെന്ററുകളുടെ പ്രവർത്തനം ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ ആഗോള സി.എസ്.ആർ. വിഭാഗമായ 'ആസ്റ്റർ വോളന്റിയേഴ്‌സിന്റെ' ഭാഗമായിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
