ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഡോളറിനെതിരെ മൂല്യം 90.82 ആയി

ഊഹക്കച്ചവടക്കാര്‍ തുടര്‍ച്ചയായി ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപക്ക് തിരിച്ചടിയായി. നിലവില്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മൂല്യം ഇടിഞ്ഞ കറന്‍സിയാണ് രൂപ

author-image
Biju
New Update
rupa

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച തുടരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ രൂപയുടെ മൂല്യം 90.82 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച ഒരു ഡോളറിന് 90.80 എന്ന നിലവാരത്തിലേക്ക് താഴ്ന്നിരുന്നെങ്കിലും അല്‍പ്പം തിരിച്ചുകയറി 90.74 നിലവാരത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

ഡോളിന് ഡിമാന്‍ഡ് വര്‍ധിച്ചതും വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതും ഇന്ത്യ- യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് തകര്‍ച്ചയുടെ പ്രധാന കാരണം. ഊഹക്കച്ചവടക്കാര്‍ തുടര്‍ച്ചയായി ഡോളര്‍ വാങ്ങിക്കൂട്ടിയതും രൂപക്ക് തിരിച്ചടിയായി. നിലവില്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മൂല്യം ഇടിഞ്ഞ കറന്‍സിയാണ് രൂപ.

ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സികളില്‍ ഒന്നാണ് രൂപ. ഡോളറിനെതിരെ ആറ് ശതമാനമാണ് ഇടിവ്. യുഎസ് താരിഫ് ഉയര്‍ത്തിയത് അടക്കമുള്ള ഘടകങ്ങള്‍ രൂപയുടെ മൂല്യമിടിയാന്‍ കാരണമായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ 18 ബില്യന്‍ ഡോളറിലധികം മൂല്യമുള്ള ഇന്ത്യന്‍ ഓഹരികളാണ് വിറ്റഴിച്ചത്.