/kalakaumudi/media/media_files/2025/08/29/rupee-2025-08-29-16-28-40.jpg)
മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയില്‍. 87.69ല്‍ വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്ക് ഇടിഞ്ഞു. മൂല്യം 88ലേക്ക് ഇടിഞ്ഞതും ആദ്യം. ഇന്ത്യയ്ക്കുമേല്‍ യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച 50% 'ഇടിത്തീരുവ' പ്രാബല്യത്തില്‍ വന്നത്, ഇന്ത്യയുടെ കയറ്റുമതി മേഖലയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും എണ്ണക്കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍തോതില്‍ ഡിമാന്‍ഡ് ലഭിച്ചതും രൂപയെ വലച്ചു.
വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡ!!ോളര്‍ വിറ്റഴിച്ച് റിസര്‍വ് ബാങ്ക് രൂപയുടെ രക്ഷയ്‌ക്കെത്തി. ഇതോടെ രൂപ 88.12ലേക്ക് നഷ്ടം നികത്തി. രക്ഷാദൗത്യവുമായി റിസര്‍വ് ബാങ്ക് എത്തിയില്ലായിരുന്നെങ്കില്‍ രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമാകുമായിരുന്നു. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 87.95 ആയിരുന്നു ഇതിനുമുന്‍പത്തെ ഏറ്റവും താഴ്ച.
ട്രംപ് അടിച്ചേല്‍പ്പിച്ച കനത്ത തീരുവമൂലം രാജ്യാന്തര വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമതയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തല്‍ ശക്തമാണ്. ഇത് ചൈനീസ് യുവാന് രൂപയ്ക്കുമേല്‍ കൂടുതല്‍ കരുത്തും പകര്‍ന്നു. യുവാനെതിരെയും രൂപയുടെ മൂല്യം ഇന്ന് 12.33 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി.
പ്രവാസികള്‍ക്ക് നേട്ടം
രൂപയുടെ വീഴ്ച ഇന്ത്യയ്ക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. കയറ്റുമതി മേഖലയ്ക്ക് നേട്ടം ലഭിക്കേണ്ടതാണെങ്കിലും ട്രംപിന്റെ കനത്ത ഇറക്കുമതി തീരുവ ഭീഷണിയുള്ളതിനാല്‍ ഈ മേഖല സമ്മര്‍ദത്തിലായി.
രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും. ക്രൂഡ് ഓയില്‍, സ്വര്‍ണം, ഇലക്ട്രോണിക്‌സ്, അസംസ്‌കൃതവസ്തുക്കള്‍ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കെല്ലാം കൂടുതല്‍ വില നല്‍കേണ്ടി വരും.
ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് വില കൂടുന്നത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടാനിടയാക്കും.
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നത് സമ്പദ്‌വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കും.
വിദേശത്ത് പഠിക്കുന്നവര്‍, വിദേശയാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്കും രൂപയുടെ വീഴ്ച തിരിച്ചടിയാണ്. ഇവര്‍ പഠന, യാത്രാച്ചെലവുകള്‍ക്കായി കൂടുതല്‍ തുക കണ്ടെത്തേണ്ടിവരും.
അതേസമയം, പ്രവാസികള്‍ക്ക് രൂപയുടെ തളര്‍ച്ച നേട്ടമാണ്. നാട്ടിലേക്ക് കൂടുതല്‍ പണം അയ്ക്കാനാകുമെന്നാണ് നേട്ടം. ഉദാഹരണത്തിന് ഏതാനുംമാസം മുന്‍പുവരെ ഇന്ത്യയിലേക്ക് ഒരു ഡോളര്‍ അയച്ചാല്‍ 85 രൂപയാണ് കിട്ടിയിരുന്നതെങ്കില്‍ ഇന്നത് 88ന് മുകളില്‍.
ജിസിസി കറന്‍സികളായ യുഎഇ ദിര്‍ഹം, സദി റിയാല്‍, ഖത്തര്‍ റിയാല്‍ തുടങ്ങിയവയുടെ മൂല്യവും രൂപയ്‌ക്കെതിരെ ഉയര്‍ന്നു.