/kalakaumudi/media/media_files/2025/12/22/chabahar-2025-12-22-08-14-00.jpg)
മോസ്‌കോ: ഇന്ത്യയുടെ നിയന്ത്രണത്തില്‍ ഇറാനിലുള്ള ചബഹാര്‍ തുറമുഖത്തേക്ക് പങ്കാളിത്തത്തിന്റെ കണ്ണെറിഞ്ഞ് റഷ്യ. ഇറാനുമേല്‍ യുഎസ് പ്രഖ്യാപിച്ച ഉപരോധം അടുത്തിടെ ട്രംപ് ഭരണൂകൂടം ചബഹാറിനും ബാധകമാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് പിന്നീട് യുഎസ് ഉപരോധം 2026ന്റെ തുടക്കത്തിലേക്കുവരെ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ചബഹാറിലേക്ക് റഷ്യയും രംഗപ്രവേശനം നടത്തുന്നത് യുഎസിനും പാക്കിസ്ഥാനും ഒരുപോലെ വെല്ലുവിളിയാകും.
ഇന്ത്യയ്ക്ക് വന്‍ നേട്ടം
പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, റഷ്യ എന്നിവിടങ്ങളിലേക്കും ഈ രാഷ്ട്രങ്ങളിലൂടെ യൂറോപ്പിലേക്കും കടന്നുചെല്ലാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാര്‍. അതേസമയം, ചബഹാറിന് സമീപത്ത് ചൈനീസ് നിയന്ത്രണത്തിലും നിക്ഷേപത്തിലും പാക്കിസ്ഥാന്‍ ഗ്വാദര്‍ തുറമുഖവും സജ്ജമാക്കുന്നുണ്ട്. ഇതിനിടെ. ചബഹാറില്‍ റഷ്യയുടെ പിന്തുണകൂടി ലഭിച്ചാല്‍ ഇന്ത്യയ്ക്ക് അതുവലിയ കരുത്താകും.
ഇറാന്റെ ഹൃദയത്തിലൂടെ റഷ്യന്‍ ഇടനാഴി
നിലവില്‍ റഷ്യയില്‍ നിന്ന് ഇറാനിലേക്ക് നീളുന്ന നോര്‍ത്ത്-സൗത്ത് ചരക്കുനീക്ക ഇടനാഴിയുണ്ട് (ഐഎന്‍എസ്ടിസി). ഈ ദീര്‍ഘദൂര റെയില്‍ പദ്ധതിയെ ചബഹാറുമായി ബന്ധിപ്പിക്കാനാണ് റഷ്യയുടെ നീക്കം. ഇത് ചബഹാറില്‍ ഇന്ത്യയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ കരുത്താകും. ചബഹാറില്‍ നിന്ന് ഐഎന്‍എസ്ടിസി വഴി ഇന്ത്യയ്ക്ക് മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും അനായാസം കടന്നുചെല്ലാന്‍ കഴിയും.
അഫ്ഗാനും ആശ്വാസം
അതിര്‍ത്തി സംഘര്‍ഷത്തിന്റെ പേരില്‍ പാക്കിസ്ഥാനുമായി തെറ്റിപ്പിരിഞ്ഞ അഫ്ഗാന്‍ ഭരണകൂടം ചരക്കുനീക്കത്തിനായി ഇപ്പോള്‍ പ്രധാനമായും ഇന്ത്യയെയും ഇറാനെയുമാണ് ഉറ്റുനോക്കുന്നത്. അഫ്ഗാനില്‍ നിന്ന് ഏറെ അടുത്താണ് ചബഹാര്‍ എന്നത്, താലിബാന്‍ ഭരണകൂടത്തിനും നേട്ടമാകും.
പാക്കിസ്ഥാന്റെ ഒത്താശ
ചൈനയെ 'ഉന്നമിട്ട്' പാക്കിസ്ഥാനില്‍ സൈനിക താവളം സ്ഥാപിക്കാന്‍ അമേരിക്ക ഒരുങ്ങുന്നുവെന്ന ആരോപണവുമായി അടുത്തിടെ ഇറാന്‍ രംഗത്തുവന്നിരുന്നു. ഇതാകട്ടെ, ചബഹാറിനും പാക്കിസ്ഥാനില്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദര്‍ തുറമുഖത്തിനും സമീപത്താണ്. പാക്കിസ്ഥാനാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നും ഇറാന്‍ ആരോപിച്ചിരുന്നു.
മേഖലയില്‍ വ്യാപാര, വാണിജ്യ, ഊര്‍ജ മേഖലകളില്‍ ചൈനയ്ക്കുള്ള ആധിപത്യത്തിന് തടയിടുകയാണ് സൈനിക താവളം ഒരുക്കുന്നതിലൂടെ അമേരിക്ക ഉന്നമിടുന്നതെന്ന ആരോപണവും ഇറാന്‍ ഉയര്‍ത്തിയിരുന്നു. പാക്കിസ്ഥാനില്‍ യുഎസ് സൈനികതാവളം വരുന്നത് ഇറാനും തിരിച്ചടിയാണ്.
സിസ്താന്‍-ബലോചിസ്ഥാന്‍ പ്രവിശ്യ
ദക്ഷിണ ഇറാനിലെ സിസ്താന്‍-ബലോചിസ്ഥാന്‍ പ്രവിശ്യയിലാണ് ചബഹാര്‍ തുറമുഖം. ഇന്ത്യ വന്‍തോതില്‍ നിക്ഷേപവും സാങ്കേതികപിന്തുണയും നല്‍കി നിര്‍മിച്ചതാണിത്. തുറമുഖ വികസനത്തിന് 120 മില്യന്‍ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഒരുക്കാന്‍ 250 മില്യന്‍ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.
2024-25ല്‍ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു. ചബഹാറില്‍ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയും നിര്‍മിക്കുന്നുണ്ട്. ഇതുമായാണ് റഷ്യ-ഇറാന്‍ ചരക്കുനീക്ക ഇടനാഴി ബന്ധിപ്പിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
