റഷ്യന്‍ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞു; വന്‍ തിരിച്ചടി

രാജ്യാന്തര എണ്ണവില ബ്രെന്റ് ക്രൂഡിന് നിലവില്‍ 64.20 ഡോളറാണ്. ഇതുമായി 28 ഡോളറിനടുത്ത് വ്യത്യാസമാണ് റഷ്യന്‍ യൂറല്‍സിനുള്ളത്. ചൈനയും ഇന്ത്യയുമായിരുന്നു റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍

author-image
Biju
New Update
crude oil

മോസ്‌കോ: റഷ്യയുടെ 2 വമ്പന്‍ എണ്ണ കയറ്റുമതിക്കമ്പനികള്‍ക്കുമേല്‍ ഉപരോധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തന്ത്രം ഏശുന്നു. റഷ്യയെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ വീണ്ടും സമാധാന ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതനാക്കുക ലക്ഷ്യമിട്ടായിരുന്നു ഉപരോധം. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബ്ലാക്ക് സീ കേന്ദ്രീകൃത റഷ്യന്‍ എണ്ണ ഇനമായ യൂറല്‍സിന്റെ വില ബാരലിന് 3 വര്‍ഷത്തെ താഴ്ചയായ 36.61 ഡോളറിലേക്ക് കൂപ്പുകുത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യാന്തര എണ്ണവില ബ്രെന്റ് ക്രൂഡിന് നിലവില്‍ 64.20 ഡോളറാണ്. ഇതുമായി 28 ഡോളറിനടുത്ത് വ്യത്യാസമാണ് റഷ്യന്‍ യൂറല്‍സിനുള്ളത്. ചൈനയും ഇന്ത്യയുമായിരുന്നു റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍. ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും റഷ്യന്‍ എണ്ണക്കമ്പനികളുമായി പുതിയ കരാറില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

അതേസമയം, ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാന്‍ റഷ്യ വന്‍തോതില്‍ ഡിസ്‌കൗണ്ട് കൂട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യ നിലവില്‍ യുഎസ്, യുഎഇ, ഇറാഖ് എന്നിവയുടെ എണ്ണയാണ് റഷ്യന്‍ എണ്ണയ്ക്ക് പകരം തേടുന്നത്. 2 ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ അടുത്തിടെ റഷ്യന്‍ എണ്ണയ്ക്ക് പകരം യുഎസ്, ഗള്‍ഫ് മേഖലകളില്‍ നിന്നായി പൊതു വിപണിയില്‍നിന്ന് 5 മില്യന്‍ ബാരലിന്റെ എണ്ണ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍) യുഎസില്‍ നിന്ന് (ഡബ്ല്യുടിഐ ക്രൂഡ്) 2 മില്യന്‍, യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 2 മില്യന്‍ എന്നിങ്ങനെ വാങ്ങിയപ്പോള്‍ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് വാങ്ങിയത് ഇറാഖിന്റെ ഒരു മില്യന്‍ ബാരല്‍ ബാസ്‌റ മീഡിയം ക്രൂഡ് ഓയിലാണ്. 

എണ്ണവില ഇടിയുന്നത് റഷ്യയ്ക്ക് കനത്ത സാമ്പത്തിക ആഘാതവുമാകുന്നുണ്ട്. ഒക്ടോബറില്‍ 27 ശതമാനമാണ് എണ്ണ കയറ്റുമതി വരുമാനത്തിലെ ഇടിവ്. 2025ന്റെ ആദ്യ 10 മാസത്തില്‍ വരുമാനം മുന്‍വര്‍ഷത്തെ സമാനകാലത്തെ 9.54 ട്രില്യന്‍ റൂബിളില്‍നിന്ന് 7.5 ട്രില്യനിലേക്കും ഇടിഞ്ഞു. പുത്തന്‍ ഉപരോധം റഷ്യയുടെ കടല്‍വഴിയുള്ള എണ്ണവിതരണത്തിന്റെ 70 ശതമാനത്തെയും ബാധിച്ചിട്ടുണ്ട്.