Representational Image
ന്യൂഡല്‍ഹി: സൈബര്‍ സുരക്ഷ ലക്ഷ്യമിട്ടുള്ള 'സഞ്ചാര്‍ സാഥി' വെബ്സൈറ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ടെലികോം മന്ത്രാലയം. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെങ്കില്‍ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും മൊബൈല്‍ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ പരാതി രജിസ്റ്റര്‍ ചെയ്യാനും ഇനി സഞ്ചാര്‍ സാഥി ആപ്പ് വഴി എളുപ്പം സാധിക്കും. സഞ്ചാര്‍ സാഥിയുടെ വെബ്സൈറ്റ് മാത്രമാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.
ഇപ്പോള്‍ ആപ്ലിക്കേഷനും പുറത്തിറങ്ങിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാലോ, ആരെങ്കിലും മോഷ്ടിച്ചാലോ ഹാന്‍ഡ്സെറ്റ് ബ്ലോക്ക് ചെയ്യാന്‍ സഞ്ചാര്‍ സാഥി വഴി കഴിയും. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്ത ഡിവൈസുകള്‍ പിന്നീട് അണ്‍ബ്ലോക്ക് ചെയ്യുകയുമാകാം. നിങ്ങളുടെ പേരിലുള്ള മൊബൈല്‍ സിം കണക്ഷനുകളെ കുറിച്ചറിയാനുള്ള ഓപ്ഷനുമുണ്ട്. മറ്റാരെങ്കിലും നിങ്ങളുടെ പേരില്‍ സിം എടുത്തിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനും ബ്ലോക്ക് ചെയ്യാനാകും.