ദമാമിലും ജിദ്ദയിലും മദ്യശാല തുറക്കാന്‍ സൗദി അറേബ്യ

എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാര നടപടികളിലൊന്നാണ് മദ്യ വില്‍പനശാലകളും

author-image
Biju
New Update
saudi prince

റിയാദ്: അര നൂറ്റാണ്ടിലേറെ നീണ്ട വിലക്കുകള്‍ക്ക് വിരാമമിട്ട് രാജ്യത്ത് കഴിഞ്ഞവര്‍ഷം മദ്യ വില്‍പനശാല തുറന്ന സൗദി അറേബ്യ, കൂടുതല്‍ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നു. റിയാദിലായിരുന്നു കഴിഞ്ഞവര്‍ഷം മദ്യ സ്റ്റോര്‍ തുറന്നതെങ്കില്‍ അടുത്ത ലക്ഷ്യം ജിദ്ദയും ദമാമുമാണെന്ന് ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ലക്ഷ്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാര നടപടികളിലൊന്നാണ് മദ്യ വില്‍പനശാലകളും. 'വിഷന്‍ 2030'  മാസ്റ്റര്‍ പ്ലാനുമായാണ് സൗദി സമ്പദ്‌വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുന്നത്. നേരത്തേ, 1952 വരെ സൗദിയില്‍ മദ്യം ലഭിച്ചിരുന്നെന്നും പിന്നീടാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. 

സൗദി അറേബ്യയുടെ മൊത്ത വരുമാനത്തിന്റെ ഭൂരിഭാഗവും നേരത്തേ ക്രൂഡ് ഓയില്‍ വില്‍പന വഴിയായിരുന്നെങ്കില്‍ ഇപ്പോള്‍ എണ്ണ ഇതര വരുമാനം 50 ശതമാനത്തിന് മുകളിലെത്തിയെന്ന് അടുത്തിടെ നിക്ഷേപമന്ത്രി ഖാലിദ് അല്‍ ഫാലി വ്യക്തമാക്കിയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം എണ്ണയിതര സമ്പദ്‌വ്യവസ്ഥ 50.6 ശതമാനമാണ്. ടൂറിസം, ധനകാര്യം, അടിസ്ഥാന സൗകര്യ വികസനം, സ്‌പോര്‍ട്‌സ്, മറ്റ് വിനോദങ്ങള്‍ തുടങ്ങിയവയിലാണ് സൗദി പ്രധാനമായും ശ്രദ്ധയൂന്നുന്നത്. എഐയ്ക്കും ഊന്നലുണ്ട്. ജിഡിപിയില്‍ ടൂറിസത്തിന്റെ പങ്ക് 2019ല്‍ 3% ആയിരുന്നെങ്കില്‍ 2024ല്‍ അത് 5 ശതമാനത്തിലെത്തി.

2030ഓടെ ജിഡിപിയില്‍ വിനോദസഞ്ചാര മേഖലയുടെ വിഹിതം 10 ശതമാനം കവിയുമെന്ന് കരുതുന്നു. ഇതു വൈകാതെ 20 ശതമാനത്തിനു മുകളിലേക്ക് ഉയര്‍ത്തുകയുമാണ് സൗദിയുടെ ലക്ഷ്യം. അതേസമയം, മദ്യശാല തുറക്കുമെങ്കിലും സൗദിയില്‍ എല്ലാവര്‍ക്കും വാങ്ങാനാവില്ല. അമുസ്ലിങ്ങളായ വിദേശ പൗരന്മാര്‍ക്ക് മാത്രമാകും അനുമതി. 2034ല്‍ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നത് സൗദിയാണ്. ഈ കായികമാമാങ്കത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗവുമായാണ് മദ്യനിരോധനം നിബന്ധനകളോടെ നീക്കുന്നതെന്നാണ് സൂചനകള്‍.

മദ്യ സ്റ്റോറുകള്‍ തുറന്നേക്കുമെങ്കിലും വീര്യം കൂടിയവ (ഉയര്‍ന്ന ആല്‍ക്കഹോള്‍ അംശമുള്ളവ) കിട്ടാനും സാധ്യതയില്ല. 20 ശതമാനത്തില്‍ താഴെ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമായിരിക്കും അനുവദിച്ചേക്കുക. രാജ്യത്തെ നിയമവ്യവസ്ഥ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയായിരിക്കും വില്‍പന.