
aster
ന്യൂഡൽഹി: ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ബിസിനസ് വിഭജനം പൂർത്തിയായി. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൺസോർഷ്യം ആസ്റ്റർ ജി.സി.സിയിൽ 65 ശതമാനം ഓഹരികൾ സ്വന്തമാക്കി. 35 ശതമാനം ഓഹരികളും മൂപ്പൻ കുടുംബത്തിനായിരിക്കും. കമ്പനിയുടെ ഇന്ത്യൻ പ്രവർത്തനങ്ങളിൽ മൂപ്പൻ കുടുംബം 41.88 ശതമാനം ഓഹരികളും കൈവശം വെയ്ക്കും.
അഫിനിറ്റി ഹോൾഡിംഗ്‌സ് 907.6 മില്യൺ ഡോളർ (7,600 കോടി രൂപ) മൂല്യത്തിൽ വിൽപ്പന നടത്തിയതോടെയാണ് ആസ്റ്റർ ജി.സി.സി ബിസിനസിന്റെ വിഭജനം പൂർത്തിയായത്. ഇന്ത്യയിലെയും ജി.സി.സിയിലെയും ബിസിനസുകൾ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ തീരുമാനമെടുക്കുകയും തുടർന്ന് കോർപറേറ്റ് അനുമതികൾ ലഭിക്കുകയും ചെയ്തിരുന്നു. 2024 ജനുവരിയിൽ കമ്പനിയുടെ ഓഹരി ഉടമകളും വിഭജന പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.
കമ്പനിയുടെ ഗൾഫ് ബിസിനസ് വിഭജിച്ചത് വഴി ലഭിച്ച തുകയുടെ 70-80 ശതമാനം ലാഭവിഹിതമായി വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരിയുടമകൾക്ക് ഓഹരിയൊന്നിന് 110 രൂപ മുതൽ 120 രൂപ വരെ ലാഭവിഹിതം പ്രഖ്യാപിച്ചേക്കും.