ന്യൂഡല്‍ഹി: സീ എന്റര്‍ടെയിന്‍മെന്റിന്റെ ഓഹരിയില്‍ വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ഓഹരി ബുധനാഴ്ച 15 ശതമാനമാണ് വര്‍ധിച്ചത്.
1000 കോടി ഡോളറിന്റെ ലയനവുമായി ബന്ധപ്പെട്ട് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക്‌സ് ഇന്ത്യയും തമ്മില്‍ ആറുമാസം നീണ്ടുനിന്ന തര്‍ക്കം കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീ എന്റര്‍ടെയിന്‍മെന്റിന്റെ ഓഹരിയിലും വര്‍ധന രേഖപ്പെടുത്തിയത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അനുസരിച്ച് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും കള്‍വര്‍ മാക്സ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും പരസ്പരമുള്ള എല്ലാ ക്ലെയിമുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചു.സോണിയുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് കള്‍വര്‍ മാക്സ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്ററില്‍ നടന്നുകൊണ്ടിരിക്കുന്ന ആര്‍ബിട്രേഷന്‍ നടപടികളും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലും മറ്റ് ഫോറങ്ങളിലും ആരംഭിച്ച എല്ലാ നിയമ നടപടികളും പിന്‍വലിക്കാന്‍ ഇരുകമ്പനികളും തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു.