/kalakaumudi/media/media_files/2025/04/14/NXTNx8c28xwUMHIQlpdb.jpg)
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ സൗകര്യപ്രദമായ താമസ സൗകര്യം നല്‍കുന്ന 'ദി മെട്രോസ്റ്റേ' എന്ന പോഡ്-സ്‌റ്റൈല്‍ ഹോട്ടലുമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഉങഞഇ). ന്യൂഡല്‍ഹി മെട്രോ സ്റ്റേഷനിലാണ് ഡല്‍ഹി മെട്രോ പോഡ് സ്‌റ്റൈല്‍ ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്.
400 രൂപ മുതല്‍ ആരംഭിക്കുന്ന സൗകര്യം സമീപത്തുള്ള എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ എന്നിവ ഉപയോഗിക്കുന്ന ട്രാന്‍സിറ്റ് യാത്രക്കാരെ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഡോര്‍മിറ്ററി ശൈലിയിലുള്ള മുറികളില്‍ സുഖപ്രദമായ ബങ്ക് കിടക്കകളാണ് മെട്രോസ്റ്റേയില്‍ ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ഡോര്‍മിറ്ററികളും ശുചിമുറികളും മെട്രോസ്റ്റേയിലുണ്ട്. സ്റ്റേ ഉപയോഗിക്കുന്നവര്‍ക്ക് വ്യക്തിഗത വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഡിജിറ്റല്‍ ലോക്കര്‍ സൗകര്യമുണ്ട്.
ഇരുന്ന് ജോലി ചെയ്യുന്നതിനായി കോ വര്‍ക്കിങ് സ്‌പെയിസും ലഭ്യമാണ്. ഇതിനു പുറമേ ഗെയിംസ് ഏരിയ, മിനി തിയേറ്റര്‍ തുടങ്ങിയ സവിശേഷതകളും മെട്രോസ്റ്റേയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഫോണിലൂടെ സ്വയം ചെക്ക്-ഇന്‍ ചെയ്യാനുള്ള സൗകര്യം അടക്കം ഡല്‍ഹി മെട്രോസ്റ്റേയെ ജനപ്രിയമാക്കുന്നു.