സൗത്ത് ഇന്ത്യന്‍ ബാങ്കിന് 321.95 കോടി രൂപ അറ്റാദായം

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.65 ശതമാനം വളര്‍ച്ചയോടെ 1,09,368 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 7.27 ശതമാനം വര്‍ധിച്ച് 32,293 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 30,103 കോടി രൂപയായിരുന്നു.

author-image
Biju
New Update
SOUTH

കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ പാദത്തില്‍ 321.95 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.46 ശതമാനമാണ് വര്‍ധനവ്. മുന്‍വര്‍ഷം ഇത് 294.13 കോടി രൂപയായിരുന്നു. ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 2,02,119 കോടി എന്ന ചരിത്ര നേട്ടത്തിലെത്തി. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 672.20 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 507.68 കോടി രൂപയായിരുന്നു. 32.41 ശതമാനമാണ് വളര്‍ച്ച.

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.50 ശതമാനത്തില്‍ നിന്നും 135 പോയിന്റുകള്‍ കുറച്ച് 3.15 ശതമാനമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 76 പോയിന്റുകള്‍ കുറച്ച് 1.44 ശതമാനത്തില്‍ നിന്നും 0.68 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 960 പോയിന്റുകള്‍ വര്‍ധിച്ച് 88.82 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 988 പോയിന്റുകള്‍ വര്‍ധിച്ച് 78.93 ശതമാനമായി.

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.65 ശതമാനം വളര്‍ച്ചയോടെ 1,09,368 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 7.27 ശതമാനം വര്‍ധിച്ച് 32,293 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 30,103 കോടി രൂപയായിരുന്നു. കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപം 9.06 ശതമാനം വളര്‍ച്ചയോടെ 36,204 കോടി രൂപയിലെത്തി.

 മൊത്ത വായ്പാ വിതരണം 8 ശതമാനം വളര്‍ച്ച കൈവരിച്ച് 82,580 കോടി രൂപയില്‍ നിന്നും 89,198 കോടി രൂപയായി ഉയര്‍ന്നു. വ്യക്തിഗത  വിഭാഗത്തിലുള്ള വായ്പകള്‍  26 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 24,222 കോടി രൂപയിലെത്തി. സ്വര്‍ണ വായ്പകള്‍ 16,317 കോടി രൂപയില്‍ നിന്ന് 17,446 കോടി രൂപയായി. 7 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഭവനവായ്പ 66 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 8,518 കോടി രൂപയിലെത്തി. വാഹന വായ്പ 27 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,217 കോടി രൂപയിലെത്തി.

 'തുടര്‍ച്ചയായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, ഭദ്രമായ വായ്പാ പോര്‍ട്ട്‌ഫോളിയോ, ശക്തമായ റീട്ടെയില്‍ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബിസിനസ് വളര്‍ച്ചയുടെ അടിസ്ഥാനം. നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ബാങ്കിന്റെ ഘടനാപരമായ പ്രവര്‍ത്തനങ്ങളെയും ശക്തമാക്കി ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കും. കോര്‍പറേറ്റ് വായ്പ, ഭവന വായ്പ, വാഹന വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളര്‍ച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകള്‍ വിതരണം ചെയ്യാനും കഴിഞ്ഞു'- സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു.

south indian bank