ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പ്പന വേഗത്തിലാക്കാന്‍ കേന്ദ്രം

ഓഹരികള്‍ നേടാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് എമിറേറ്റ്‌സ് എന്‍ബിഡിക്കും ഫെയര്‍ഫാക്‌സിനും. ഇതില്‍ ഫെയര്‍ഫാക്‌സ് വിജയിച്ചാല്‍ സിഎസ്ബി ബാങ്കിനു മുന്നില്‍ ലയനത്തിന്റെ വഴി തുറന്നേക്കും

author-image
Biju
New Update
idbi

ന്യൂഡല്‍ഹി: ലയനത്തിലൂടെ കേരളത്തിന് വീണ്ടുമൊരു ബാങ്കിനെക്കൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ഗുണഭോക്താക്കള്‍. ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പന നടപടികള്‍ വേഗത്തിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ആകാംക്ഷയും ആശങ്കയും ഉയര്‍ത്തുകയാണ്.

തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്കാണ് (പഴയ പേര് കാത്തലിക് സിറിയന്‍ ബാങ്ക്) ലയനത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ (നിയന്ത്രണ) ഓഹരികള്‍ സ്വന്തമാക്കാന്‍ കനേഡിയന്‍ ശതകോടീശ്വരനും ഇന്ത്യന്‍ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിങ്‌സ്, ദുബായ് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് എന്‍ബിഡി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഓക്ട്രീ ക്യാപിറ്റല്‍ മാനേജ്‌മെന്റ് എന്നിവയാണ് രംഗത്തുള്ളത്. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് റിസര്‍വ് ബാങ്കിന്റെ ക്ലിയറന്‍സും കിട്ടിയിരുന്നു.

ഓഹരികള്‍ നേടാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് എമിറേറ്റ്‌സ് എന്‍ബിഡിക്കും ഫെയര്‍ഫാക്‌സിനും. ഇതില്‍ ഫെയര്‍ഫാക്‌സ് വിജയിച്ചാല്‍ സിഎസ്ബി ബാങ്കിനു മുന്നില്‍ ലയനത്തിന്റെ വഴി തുറന്നേക്കും.

റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം ഒരാള്‍ക്ക് ഒരേസമയം രണ്ടു ബാങ്കുകളുടെ പ്രമോട്ടര്‍ ആയിരിക്കാന്‍ കഴിയില്ല. ഒന്നുകില്‍, ഭൂരിപക്ഷ ഓഹരി പങ്കാളിത്തം വിറ്റൊഴിയണം. അല്ലെങ്കില്‍ ഇരു ബാങ്കുകളെയും ലയിപ്പിക്കണം. സിഎസ്ബി ബാങ്കില്‍ 40% ഓഹരി പങ്കാളിത്തവുമായാണ് പ്രമോട്ടര്‍ പദവി ഫെയര്‍ഫാക്‌സ് വഹിക്കുന്നത്. ഐഡിബിഐ ബാങ്ക് ഓഹരികളും സ്വന്തമാക്കിയാല്‍, ഓഹരി പങ്കാളിത്തം 15 വര്‍ഷത്തിനകം 26 ശതമാനത്തിലേക്ക് താഴ്‌ത്തേണ്ടിവരും. അതോടെ പ്രമോട്ടര്‍ പദവിയും നഷ്ടപ്പെടാം. ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഇരു ബാങ്കുകളെയും ലയിപ്പിക്കേണ്ടി വരും.

ഒരുലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ബാങ്കാണ് ഐഡിബിഐ ബാങ്ക്. സിഎസ്ബി ബാങ്കിന്റെ വിപണിമൂല്യം 6,400 കോടി രൂപയും. 2017ലായിരുന്നു മാതൃബാങ്കായ എസ്ബിഐയില്‍ തിരുവനന്തപുരം ആസ്ഥാനമായ എസ്ബിടി ലയിച്ചത്. കേരളം ആസ്ഥാനമായ ഏക പൊതുമേഖലാ ബാങ്കായിരുന്നു എസ്ബിടി.

കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്ന സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്കിനെ കരകയറ്റുന്ന നടപടികളുടെ ഭാഗമായി ആയിരുന്നു കേന്ദ്രവും എല്‍ഐസിയും ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഏറ്റെടുത്തത്. ബാങ്കിന്റെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കുന്ന എല്‍ഐസിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവുമാണ് നിലവില്‍ ഓഹരി പങ്കാളിത്തം. ഇരുവര്‍ക്കുംകൂടി 94.72%.

കേന്ദ്രം 30.48 ശതമാനവും എല്‍ഐസി 30.24 ശതമാനവും ഓഹരികള്‍ വിറ്റൊഴിയാനാണ് ഉദ്ദേശിക്കുന്നത്. ആകെ 60.72%. നടപ്പു സാമ്പത്തിക വര്‍ഷം (2025-26) തന്നെ ഓഹരികള്‍ വില്‍ക്കാനാണ് ശ്രമമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഓഹരി വില്‍പന നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റും (ദിപം) വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ ആദ്യ സ്വകാര്യ ബാങ്കുകളിലൊന്നാണ് നൂറ്റാണ്ടിലേറെയായി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്ക്. 2016-20 കാലയളവിലാണ് ബാങ്കിന്റെ 51% ഓഹരികള്‍ 1,000 കോടിയിലേറെ നിക്ഷേപവുമായി ഫെയര്‍ഫാക്‌സ് ഏറ്റെടുത്തത്. ഇക്കാലയളവിലാണ് പേര് സിഎസ്ബി ബാങ്ക് എന്നു മാറ്റുന്നതും ഐപിഒ വഴി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതും. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോള്‍ സിഎസ്ബി ബാങ്കിന്റെ ഓഹരിവിലയുള്ളത് 0.68% ഉയര്‍ന്ന് 368.95 രൂപയിലാണ്. ഐഡിബിഐ ബാങ്കിന്റേത് 0.35% താഴ്ന്ന് 94.44 രൂപയിലും.