/kalakaumudi/media/media_files/2025/01/18/KJHfJYMN7eCTVy1gJ7mt.jpg)
Representational Image Photograph: (istock)
മുംബൈ: നേട്ടത്തില്‍ തുടര്‍ന്നിരുന്ന ഓഹരി വിപണി വാരാന്ത്യം നഷ്ടത്തോടെ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഐ.ടി, ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെട്ടതാണ് വിപണി നഷ്ടത്തിലാകാനുളള കാരണം. വിദേശ നിക്ഷേപകര്‍ വിറ്റഴിക്കല്‍ തുടര്‍ന്നതും നോണ്‍ ഡെലിവറിബിള്‍ ഫോര്‍വേഡ് മാര്‍ക്കറ്റിലെ ഡോളര്‍ ഡിമാന്‍ഡും നഷ്ടത്തിന് ആക്കം കൂട്ടി. 18 മാസത്തിനിടയിലെ ഏറ്റവും മോശം ആഴ്ച രേഖപ്പെടുത്തി ഇന്ത്യന്‍ രൂപ വീണ്ടും ദുര്‍ബലമായി. ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍, എഫ്.എം.സി.ജി, റിയല്‍റ്റി, മെറ്റല്‍ ഓഹരികള്‍ മികച്ച പ്രകടനം നടത്തിയത് നഷ്ടം കുറയ്ക്കാന്‍ സഹായകമായി. ഐ.ടി, ബാങ്കിംഗ് ഓഹരികളാണ് വിപണിയുടെ നഷ്ടത്തിന് ആക്കം പകര്‍ന്നത്. അതേസമയം ഡിസംബര്‍ പാദത്തില്‍ ഉയര്‍ന്ന ലാഭം റിപ്പോര്‍ട്ട് ചെയ്ത റിലയന്‍സ് ഇന്‍ഡസ്ട്രീസ് നഷ്ടം പരിമിതപ്പെടുത്താന്‍ സഹായിച്ചു.
സെന്‍സെക്‌സ് 0.55 ശതമാനം (423.49 പോയിന്റ്) ഇടിഞ്ഞ് 76,619.33 ലും നിഫ്റ്റി 0.47 ശതമാനം (108.60 പോയിന്റ്) ഇടിഞ്ഞ് 23,203.20 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് 0.23 ശതമാനത്തിന്റെയും സ്മാള്‍ക്യാപ് 0.16 ശതമാനത്തിന്റെയും നേട്ടത്തിലാണ് വെളളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഭാരത് ഡൈനാമിക്‌സ് ഓഹരി 6.37 ശതമാനം നേട്ടം രേഖപ്പെടുത്തി. ഇന്ത്യന്‍ നാവികസേനയ്ക്ക് മിസൈലുകള്‍ വിതരണം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 2,960 കോടി രൂപയുടെ ഓര്‍ഡര്‍ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന് ലഭിച്ചിരുന്നു. ഓഹരി 1277 ലാണ് ക്ലോസ് ചെയ്തത്.
ബിപിസിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇടിവ് തുടരുകയാണ്. ഇന്നലെ ഏകദേശം 3 ശതമാനം ഇടിഞ്ഞ ഓഹരി ഇന്ന് 6.86 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.