വീഴ്‌ചയിൽ നിന്ന് കര കയറി ഓഹരി വിപണി, നിഫ്റ്റിയും സെൻസെക്‌സും ഉയർന്നു

താരിഫുകൾ സാമ്പത്തിക വളർച്ചയ്ക്ക് തടസമാകുമെന്നതിനാൽ കൂടുതൽ പിന്തുണയുള്ള നയങ്ങളായിരിക്കും ആർബിഐ സ്വീകരിക്കുക എന്നാണ് വിലയിരുത്തൽ.

author-image
Anitha
New Update
jsuwga

മുംബൈ : ആഗോളതലത്തിൽ ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ നഷ്‌ടങ്ങൾക്ക് അവസാനം കുറിച്ച് കൊണ്ട് ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും ഉയർന്നു. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിൽ നിന്ന് കരകയറിയ സെൻസെക്‌സ് 1,283.75 പോയിന്‍റ് അഥവാ 1.75% ഉയർന്ന് 74,421.65ലും എൻഎസ്‌ഇ നിഫ്റ്റി 415.95 പോയിന്‍റ് അഥവാ 1.87% ഉയർന്ന് 22,577.55 ലും എത്തി. നിഫ്റ്റി 50 ഇന്ന് (ഏപ്രിൽ 8) രാവിലെ 9:55 ഓടെ 280 പോയിന്‍റ് ഉയർന്ന് 22,443 ലും ബിഎസ്ഇ സെൻസെക്‌സ് 880 പോയിന്‍റ് ഉയർന്ന് 74,027 ലും എത്തി.

എന്നാൽ നാളെ (ഏപ്രിൽ 9) റിസർവ് ബാങ്കിൻ്റെ പണനയം പുറത്തുവരാനുള്ളത് കൊണ്ടുതന്നെ വിപണികൾ ജാ​ഗ്രത പുല‍ർത്തുന്നുണ്ട്. താരിഫുകൾ സാമ്പത്തിക വളർച്ചയ്ക്ക് തടസമാകുമെന്നതിനാൽ കൂടുതൽ പിന്തുണയുള്ള നയങ്ങളായിരിക്കും ആർബിഐ സ്വീകരിക്കുക എന്നാണ് വിലയിരുത്തൽ. വായ്‌പ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറയ്ക്കുമെന്നാണ് രാജ്യത്തിൻ്റെ പ്രതീക്ഷ.

വിപണിയിൽ ഇന്ന് ആദ്യകാല വ്യാപാരത്തിൽ 3 മുതൽ 5 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്‌സിലെ മിക്ക കമ്പനികളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. സെൻസെക്‌സ് ഓഹരികളിൽ ടൈറ്റാൻ, അദാനി പോർട്ട്സ്, ബജാജ് ഫിൻസെർവ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, അൾട്രാടെക് സിമന്‍റ്, ലാർസൺ & ട്യൂബ്രോ, ടാറ്റ സ്‌റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഐടി ഭീമനായ ടിസിഎസ് മാത്രമാണ് നഷ്‌ടത്തിൽ വ്യാപാരം ആരംഭിച്ചത്.

ഏഷ്യൻ വിപണികൾ കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞതിന് ശേഷം ടോക്കിയോയിലെ നിക്കി 225 സൂചിക, ഹോങ്കോങ്ങിലെ ഹാംഗ് സെങ്, ദക്ഷിണ കൊറിയയിലെ കോസ്‌പി, ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചിക എന്നിവ പോസിറ്റീവ് മേഖലയിലാണ് വ്യാപാരം നടത്തിയത്.

നിക്കി 225 സൂചിക അഞ്ച് ശതമാനത്തിലധികം ഉയർന്നു. തിങ്കളാഴ്‌ച യുഎസ് വിപണികളും താഴ്ന്ന നിലയിലായിരുന്നു. അമേരിക്കൻ ഉത്‌പന്നങ്ങൾക്ക് ചൈന 34 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പകരം ചൈനയുടെ ഉത്‌പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കയുടെ പുതിയ ഭീഷണിയെത്തുടർന്ന് ആഗോള വിപണികളിൽ ഉയർന്ന ചാഞ്ചാട്ടം നേരിടേണ്ടിവരുമെന്ന് വിദഗ്‌ധർ പറഞ്ഞു.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്‌ച 9,040.01 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 12,122.45 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്‍റ് ക്രൂഡ് ഓയിൽ 1.32 ശതമാനം ഉയർന്ന് ബാരലിന് 65.06 ഡോളറിലെത്തി.

ഇന്നലെ, വിപണി കനത്ത ഇടിവാണ് നേരിട്ടത്. സെന്‍സെക്‌സ് 3000 പോയിന്‍റിലേറെ നഷ്‌ടം നേരിട്ടിരുന്നു. നിഫ്റ്റി ആയിരത്തിലേറെ പോയിന്‍റ് ഇടിഞ്ഞു. വ്യാപാരത്തിന്‍റെ തുടക്കത്തിലെ ഈ കനത്ത ഇടിവ് മൂലം നിക്ഷേപകര്‍ക്ക് 19 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്‌ടമുണ്ടായി. വിപണികള്‍ കഴിഞ്ഞ 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

വിദഗ്‌ധർ പറയുന്നത് 

ഈ വർഷത്തെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസം നിഫ്‌റ്റി നേരിട്ടതെന്ന് ആക്‌സിസ് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അക്ഷയ് ചിഞ്ചൽക്കർ പറഞ്ഞു. 'യുഎസിലെ ഉയർന്ന താരിഫുകളും മറ്റ് രാജ്യങ്ങളുടെ പ്രതികാര നടപടിയായി ഒരു വ്യാപാര യുദ്ധത്തിന് തുടക്കമിട്ടേക്കാമെന്നതിനാലാണ് വിപണി ഇടിഞ്ഞത്. ഉയർന്ന പണപ്പെരുപ്പ സാധ്യതയും യുഎസിൽ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാവുന്ന മന്ദഗതിയിലുള്ള വളർച്ചയും കാരണം ഐടി, ലോഹങ്ങൾ പോലുള്ള മേഖലകൾ വിശാലമായ വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ മോശം പ്രകടനമാണ് കാഴ്‌ചവച്ചത്' എന്ന് ഓഹരി വിപണിയിലെ തകർച്ചയെക്കുറിച്ച് സംസാരിച്ച ജിയോജിത് ഇൻവെസ്‌റ്റ്‌മെന്‍റ് ലിമിറ്റഡിന്‍റെ ഗവേഷണ മേധാവി വിനോദ് നായർ പറഞ്ഞു.

stock market sensex nifty